വിരമിച്ച സൈനികര്‍ക്ക് വാഗ്ദാനങ്ങളുമായി ഐഎസ്‌ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറാന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വിരമിച്ച സൈനികര്‍ക്ക് സഹായവാഗ്ദാനവുമായി ഒരു വ്യാജ സംഘടന വടക്കേ ഇന്ത്യയില്‍ രൂപീകരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി ആഭ്യന്തര വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സേനയില്‍നിന്നും വിരമിച്ചവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ് ഈ സംഘടന ചെയ്യുന്നത്.
ചില സൈനികര്‍ക്ക് ഈ സംഘടനയില്‍നിന്നും സഹായം ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇത്തരം സഹായങ്ങള്‍ ചെയ്‌തെങ്കിലും പിന്നീട് നിലവില്‍ സൈന്യത്തിലുള്ളവരോട് പ്രതിരോധ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സൈനികരില്‍ ഇത് സംശയത്തിനിടയാക്കുകയും ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ സേനയില്‍ത്തന്നെയുള്ളവരെ സ്വാധീനിച്ച് പാക്കിസ്ഥാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചു. പ്രതിരോധ മന്ത്രാലയത്തോട് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: