കടല്‍ കൊലക്കേസ് സമവായത്തിന് ഇന്ത്യയും ഇറ്റലിയും ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: കടല്‍ കൊലക്കേസ് സമവായത്തിന് ഇന്ത്യയും ഇറ്റലിയും ശ്രമം തുടങ്ങി. ചര്‍ച്ചകളില്‍ ധാരണയായല്‍ ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ നാട്ടിലേക്ക് പോകുന്നതിനെ ഇന്ത്യ എതിര്‍ത്തേക്കില്ല. എന്നാല്‍ രാജ്യാന്തര കോടതി വിധി എതിരായാല്‍ മടങ്ങി എത്തണം എന്ന ഉറപ്പ് ഇറ്റലി നല്‍കേണ്ടി വരും. യൂറോപ്യന്‍ യൂണിയനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സമവായ ശ്രമങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

കേരള തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യ ഇറ്റലി അന്താരാഷ്ട്ര ബന്ധത്തില്‍ ഏറെ വിള്ളലുകള്‍ വീണിരുന്നു. ആഗോള സമിതികളിലടക്കം ഇന്ത്യയ്ക്കുള്ള പിന്തുണ ഇറ്റലി പിന്‍വലിച്ചു. ഇറ്റാലിയന്‍ നാവികന്റെ ജാമ്യപേക്ഷ ഇന്ത്യ എതിര്‍ക്കില്ല. ഇതിനു പകരം ആണവ സാങ്കേതിക സമിതിയിലേക്കുള്ള ഇന്ത്യയുടെ അംഗത്വമടക്കമുള്ള കാര്യങ്ങളെ ഇറ്റലി പിന്തുണയ്ക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടു വയ്ക്കും.അതുപോലെ ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയനു മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദവും ഇറ്റലി പിന്‍വലിക്കേണ്ടി വരും.

സമവായ ചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ ഇരു സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും സജീവമായി നടക്കുന്നുണ്ട്. വാണിജ്യ മേഖലയിലടക്കം ഇരു രാജ്യങ്ങള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ നികത്താനാണ് സമവായ ശ്രമങ്ങളെന്നും സൂചനയുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസ്സല്‍സിലേക്ക് പോകുന്നുണ്ട്. അതിനു മുന്നോടിയായി ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനണ് നീക്കങ്ങള്‍ നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: