പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ സംശയ നിഴലിലുള്ള ഗുര്‍ദാസ്പൂര്‍ എസ്പിക്കെതിരെ ലൈംഗീകാരോപണവും

ഗുര്‍ദാസ്പൂര്‍:പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ സംശയത്തിലുള്ള ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെതിരെ ലൈംഗീകാരോപണം. ഗുര്‍ദാസ്പൂര്‍ സ്റ്റേഷനിലെ അഞ്ച് വനിതാ കോണ്‍സ്റ്റബിള്‍മാരാണ് ഇതുസംബന്ധിച്ച പരാതി ഡിജിപിക്കു നല്‍കിയിട്ടുള്ളത്.
തങ്ങളോട് മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. വനിതാ പോലീസുകാരുടെ പരാതി അന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തിയ ഐജി ഗുരുപ്രീത് കൗറിനു മുന്‍പാകെയും ഇവര്‍ ഇക്കാര്യമറിയിച്ചിരുന്നു. എന്നാല്‍ ചില തല്‍പ്പരകക്ഷികള്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സല്‍വീന്ദര്‍ സിങ്ങ് പറയുന്നത്.
പത്താന്‍കോട്ടുനിന്ന് 40 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശമായ ഗുല്‍പ്പൂര്‍ഇംലി എന്ന സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു സല്‍വീന്ദര്‍ തന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെക്കുറിച്ച് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇദ്ദേഹത്തോടൊപ്പം ആക്രമിക്കപ്പെട്ട ജ്വല്ലറി ഉടമയുടെയും പാചകക്കാരന്റെയും മൊഴികള്‍ തമ്മിലുള്ള വൈരുധ്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: