റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്പഥില്‍ നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുത്തു മാര്‍ച്ച് നടത്തി. ഫ്രഞ്ച് സൈന്യമാണ് രാജ്പഥില്‍ ആദ്യമായി മാര്‍ച്ച് നടത്തിയ വിദേശ സൈന്യം. മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലൊങിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സെല്യൂട്ട് നല്‍കി ഫ്രഞ്ച് സൈന്യത്തിലെ 76 അംഗങ്ങളാണ് രാജ്പഥിലൂടെ നീങ്ങിയത്.

ലഫ്റ്റനന്റ് കേണല്‍ പോള്‍ ബ്യൂറിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഫ്രാന്‍സില്‍ നിന്നെത്തിയ 46 വാദ്യമേളക്കാരടങ്ങുന്ന ബാന്‍ഡ് സംഘവും മാര്‍ച്ചില്‍ പങ്കെടുത്തു.

നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരസേനയുടെ ശ്വാനവീരന്മാരും റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ താരങ്ങളായി. യുദ്ധങ്ങളിലും തീവ്രവാദികളെ നേരിടുന്നതിലും കരസേനയ്ക്ക് വലിയ സഹായമാകുന്ന 36 ശ്വാനന്മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ലാബ്‌റഡോര്‍ ഇനത്തില്‍പ്പെട്ട 24 നായകളും 12 ജെര്‍മന്‍ ഷെപ്പേര്‍ഡുകളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നീണ്ട നാലു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഡോഗ് സ്‌ക്വാഡ് പരേഡില്‍ പങ്കെടുത്തത്.

Share this news

Leave a Reply

%d bloggers like this: