മുംബൈ ആക്രമണം വിജയിച്ചത് മൂന്നാംശ്രമത്തിലെന്ന് ഹെഡ്‌ലി

 

മുംബൈ: മുംബൈ ആക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. 2008 സെപ്റ്റംബറില്‍ ആക്രമണം നടത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കടലില്‍ വച്ച് ബോട്ട് തകര്‍ന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. പിന്നീട് ഒക്‌ടോബറിലാണ് വീണ്ടും പദ്ധതിയിട്ടെങ്കിലും അതും പരാജയപ്പെട്ടു. നവംബര്‍ 26നു നടത്തിയ മൂന്നാം ആക്രമണം വിജയിക്കുകയായിരുന്നുവെന്നും അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്‌ലി മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മൊഴി നല്‍കിയത്.

മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കു പങ്കുണ്ടെന്ന് ഹെഡ്‌ലി ദേശീയ അന്വേഷണ ഏജന്‍സിക്കു ഞായറാഴ്ച മൊഴി നല്‍കിയിരുന്നു. പാക്കിസ്ഥാന്റെ സഹായത്തോടെയാണു മുംബൈയില്‍ ആക്രമണം നടന്നത്. കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഐഎസ്‌ഐ തനിക്കു പണം നല്‍കിയെന്നും ഹെഡ്‌ലി പറഞ്ഞു.

ഡോ. തഹാവൂര്‍ ഹുസൈന്‍ റാണയാണ് ഇന്ത്യന്‍ വീസ കിട്ടാന്‍ തന്നെ സഹായിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ സൈനിക സ്‌കൂളില്‍ വച്ചാണ് റാണയെ പരിചയപ്പെട്ടതെന്നും ഹെഡ്‌ലി ഇന്നു മൊഴി നല്‍കി. സ്‌കൂള്‍ പഠനം അവസാനിച്ചശേഷം പാക് സൈനിക ഡോക്ടറായി റാണ സേവനമനുഷ്ഠിച്ചെന്നും ഹെഡ്‌ലി പറഞ്ഞു.

താനും വിരമിച്ച മേജര്‍ അബ്ദുര്‍ റഹ്മാന്‍ പാഷയും പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെ ലാന്‍ഡി കോട്ടാലില്‍ പിടിയിലാകുകയായിരുന്നു. മേജര്‍ അലിയാണ് തങ്ങളെ ചോദ്യം ചെയ്യാനെത്തിയത്. ഇന്ത്യയില്‍ ബിസിനസ് ഓഫീസ് ഉണ്‌ടെന്നുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ വിവരങ്ങള്‍ ലഭിക്കാന്‍ അതുപകാരപ്പെടുമെന്നും അലി കണക്കുകൂട്ടി. മേജര്‍ അലിയാണ് തന്നെ പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധിപ്പിച്ചതെന്നും ഹെഡ്‌ലി പറഞ്ഞു.

ലഷ്‌കര്‍ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരം എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിരുവെന്നും ഇതില്‍ ഏഴു തവണയും മുംബൈയിലായിരുന്നെന്നും ഹെഡ്‌ലി മൊഴി നല്‍കി. രവമഹരവമഹീ@്യമവീീ.രീാഎന്ന ഇമെയില്‍ വിലാസം വഴിയാണ് സാജിദ് മിര്‍ തന്നെ ബന്ധപ്പെട്ടിരുന്നതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.

പാക്കിസ്ഥാനില്‍ ദൗറെ, സഫ്ഫ, ദൗറെ അമ, ദൗറെ ഖാസ, ദൗറെ റിബാത്ത് തുടങ്ങിയ നേതൃത്വ പരിശീലന കോഴ്‌സുകളില്‍ പങ്കെടുത്തു. ആറോളം ഭീകര പരിശീലന ക്യാമ്പുകളും സന്ദര്‍ശിച്ചു. കോഴ്‌സുകളില്‍ ഇന്ത്യ ഇസ്‌ലാമിന് എതിരാണെന്നാണ് പഠിപ്പിക്കുന്നത്. പരിശീലന പരിപാടിക്കിടെയാണ് സാഖിയുര്‍ റഹ്മാന്‍ ലഖ്‌വിയേയും ഹാഫിസ് സയീദിനെയും പരിചയപ്പെടുന്നത്. ഇവര്‍ ജിഹാദ് അനുകൂല പ്രസംഗങ്ങള്‍ നടത്തിയിരുന്നതായും ഹെഡ്‌ലി മൊഴി നല്‍കി.

ദാവൂദ് ഗീലാനി എന്ന പേര് ഡേവിഡ് ഹെഡ്‌ലി എന്നാക്കിയത് ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന ശേഷമാണെന്നു ഹെഡ്‌ലി പറഞ്ഞതായി അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെ 26/11 ആക്രമണക്കേസില്‍ ഡേവിഡ് ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയിരുന്നു. ശിക്ഷ ഒഴിവാക്കിയാല്‍ മാപ്പു സാക്ഷിയാകാമെന്ന ഹെഡ്‌ലിയുടെ വാഗ്ദാനം പ്രോസിക്യൂഷനും കോടതിയും സ്വീകരിക്കുകയായിരുന്നു. സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്കിയപ്പോഴാണു മാപ്പുസാക്ഷിയാകാനുള്ള സന്നദ്ധത അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഹെഡ്‌ലിയെ വീണ്ടും വിചാരണയ്ക്കു വിധേയനാക്കാന്‍ തീരുമാനിച്ചത്. ഇനി ചൊവ്വാഴ്ച രാവിലെയാണ് ഹെഡ്‌ലിയുടെ മൊഴിയെടുപ്പ്

Share this news

Leave a Reply

%d bloggers like this: