കതിരൂര്‍ കേസ്: പി. ജയരാജനു ജാമ്യമില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയുടെ യോഗ്യത സംബന്ധിച്ച തര്‍ക്കമില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹര്‍ജിയിലെ വാദം തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം.

രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികള്‍ നിയമപ്രകാരം കുറ്റകരമാണ്. ഈ കേസില്‍ നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്നും ഇതു യുഎപിഎ ചുമത്താന്‍ കാരണമായ കുറ്റകൃത്യങ്ങളില്‍ പറയുന്ന ബോംബിന്റെ ഗണത്തില്‍ ഉള്‍പ്പെടില്ലെന്നും വാദമുണ്ടായി. എന്നാല്‍ നാടന്‍ ബോംബായാലും ഫാക്ടറിയിലുണ്ടാക്കിയ ബോംബായാലും ബോംബ് ബോംബ് തന്നെയാണ്. ബോംബ് ഉപയോഗിച്ചതിന്റെ ലക്ഷ്യമാണു പരിശോധിക്കേണ്ടത്. ഈ കേസില്‍ മനോജിനെ ആക്രമിക്കുന്നതിനു മുമ്പ് ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ചു. ബോംബിന്റെ സ്‌ഫോടനശേഷിയോ നിലവാരമോ ഇതിനായി നിയമനിര്‍മാതാക്കള്‍ നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നതു കണക്കിലെടുക്കാനാവില്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി. ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണെന്ന് വ്യക്തമാക്കിയിട്ടുെണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ 2006-2011 കാലഘട്ടത്തില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പൊതുജന സമ്മതനായ പി. ജയരാജന്‍ കൂത്തുപറമ്പില്‍നിന്ന് 2001ലും 2006ലും എംഎല്‍എയായി. കടുത്ത ഹൃദ്രോഗിയാണെന്നും കണ്ണൂര്‍ ജില്ലയില്‍ യോഗയുടെ പ്രചാരണത്തിനായി വിപുലമായ പരിപാടി സംഘടിപ്പിച്ച അദ്ദേഹം കീടനാശിനി മുക്തമായ പച്ചക്കറികളുടെ പ്രചാരണത്തിനായി മുന്‍നിരയിലുണ്ടായിരുന്നുവെന്നും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇത്തരം യോഗ്യതകളിലൊന്നും തര്‍ക്കമില്ല. എന്നാല്‍, ജാമ്യം പരിഗണിക്കുമ്പോള്‍ അസാധാരണ പരിഗണന ലഭിക്കാന്‍ ഇതൊന്നും മതിയായ കാരണമല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്.

Share this news

Leave a Reply

%d bloggers like this: