സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. മികച്ച നടനായി പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിയും എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും പരിഗണനയിലുണ്ടെന്നാണ് സൂചന. മികച്ച നടിയായി എന്ന് നിന്റെ മൊയ്തീനിലെയും ചാര്‍ളിയിലെയും അഭിനയത്തിന് പാര്‍വ്വതിയും മിലിയെ മികവുറ്റതാക്കിയ അമലപോളും ‘എന്നും എപ്പോഴിലെയും’ ‘റാണി പത്മിനിയിലെയും’ പ്രകടനങ്ങളുമായി മഞ്ജുവാര്യരും സാധ്യതാ പട്ടികയില്‍ ഉണ്ട്.

സുസു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യയും വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള സാധ്യതപട്ടികയിലുണ്ട്.

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 73 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. ആര്‍എസ് വിമല്‍, സലീം അഹമ്മദ്, കഴിഞ്ഞ ദിവസം വിടവാങ്ങിയ രാജേഷ് പിള്ള, ഡോ. ബിജു എന്നിവരാണ് സംവിധായകരുടെ പട്ടികയില്‍ സാധ്യതയേറെയുള്ളവര്‍.

പത്തേമാരിയും എന്ന് നിന്റെ മൊയ്തീനും മികച്ച സിനിമ, സംവിധായകന്‍, നടന്‍, തുടങ്ങിയ പ്രധാന വിഭാഗങ്ങളില്ലെല്ലാം ഇരു ചിത്രങ്ങളും മത്സരിക്കുന്നു. ഇവയ്ക്ക് പുറമേ വലിയ ചിറകുള്ള പക്ഷികള്‍, മിലി, ചാര്‍ലി, നിര്‍ണ്ണായകം എന്നിവ മികച്ച സിനിമക്കുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നു. പ്രേമവും ഗാനവിഭാഗങ്ങളില്‍ മുന്നിലുള്ളതായാണ് സൂചന. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ള സാധ്യത കൊണ്ടാണ് ഇത്തവണ അവാര്‍ഡ് നിര്‍ണ്ണയം നേരത്തെയാക്കിയിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: