വില്യം രാജകുമാരനും കെയ്റ്റും ഏപ്രില്‍ 10 ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍റ്റണും ഇന്ത്യ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ പത്തിന് ഇരുവരും ഇന്ത്യയിലെത്തുമെന്നാണ് കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചിരിക്കുന്നത്. 10 ന് മുംബൈയിലെത്തുന്ന രാജദമ്പതികള്‍ 14 ന് ഭൂട്ടാനിലേക്ക് തിരിക്കുമെന്നും തിരികെ ഇന്ത്യയിലെത്തി 16 ന് ലണ്ടനിലേക്ക് മടങ്ങുമെന്നും കെന്‍സിങ്ടണ്‍ കൊട്ടാരം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഇരുവരും താജ്മഹല്‍, അസമിലെ കാസിരംഗ നാഷനല്‍ പാര്‍ക്ക് എന്നിവ സന്ദര്‍ശിക്കും.

ഏപ്രില്‍ 10 ന് മുംബൈയിലാണ് ഇരുവരും എത്തുക. അവിടെ നിന്നും ഡല്‍ഹിക്ക് പോകും. ആറുദിവസത്തെ സന്ദര്‍ശന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ 16 ന് ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇരുവരും തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. ആദ്യമായാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.

1992 ല്‍ ഡയാന രാജകുമാരി താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് വില്യമിന്റെ മാതാപിതാക്കളായ ചാള്‍സ് രാജകുമാരനും ഡയാനാ രാജകുമാരിയും താജ്മഹല്‍ സന്ദര്‍ശിക്കുമെന്നറിയിച്ചെങ്കിലും ഡയാന തനിച്ചാണ് താജിലെത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞതോടെ താജ്മഹലിനു മുമ്പില്‍ ഡയാന തനിച്ചിരിക്കുന്ന ചിത്രം ഡയാനയുടെ ഏകാന്തയുടെ പ്രതീകമായി മാറുകയും ചെയ്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: