കനയ്യക്കെതിരായ വീഡിയോ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായി പോലീസ് കോടതിയില്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ ഏഴു വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്നാണു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

കനയ്യക്കെതിരായ അനുബന്ധ തെളിവായി കോടതിയില്‍ ഹാജരാക്കിയ ദൃശ്യ തെളിവുകളാണു വ്യാജമെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ വീഡിയോയില്‍ മുദ്രാവാക്യങ്ങളും മറ്റും എഡിറ്റു ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് പോലീസ് ആരോപിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച ഫോറന്‍സിക് സംഘമാണു വീഡിയോ പരിശോധിച്ചത്.

എന്നാല്‍ കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു വീഡിയോ തെളിവുണ്ടെന്ന തങ്ങളുടെ മുന്‍നിലപാടില്‍നിന്നു പോലീസ് മലക്കംമറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയിലാണു പോലീസ് നിലപാട് മാറ്റിയത്. സംഭവത്തിനു ദൃക്‌സാക്ഷികളുണ്ടെന്നാണു പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ചോദ്യത്തിനു മറിപടിയായാണു പോലീസ് ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ മലക്കം മറിഞ്ഞതിനെതിരെ പോലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. നേരത്തെ കനയ്യക്കെതിരെ വിഡിയോ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: