വി എസ് മത്സരിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ സീതാറാം യെച്ചൂരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വി എസ് പ്രചരണത്തിന് നേതൃത്വം നല്‍കണം.നിര്‍ണായകമായ തെരഞ്ഞെടുപ്പായതിനാല്‍ വി എസിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും വിഎസ് മത്സരിക്കേണ്ടതുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

എന്നാല്‍ വി എസ് മത്സരിക്കേണ്ടെന്നും പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പ്രായാധിക്യമാണ് വി എസ് മത്സരിക്കേണ്ട എന്ന് പറയുന്നതിന്റെ കാരണമായി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ വി എസ് തയ്യാറായില്ല.

വി എസ് അച്യൂതാനന്ദനും പിണറായി വിജയനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാളെ ചേരുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ വി എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: