ഗള്‍ഫില്‍ കനത്ത മഴ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വൈകി

അബുദാബി: യുഎഇ എമിറേറ്റ്‌സുകളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജനജീവിതം താറുമാറായി. രാവിലെ 11 ഓടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളിലെ ഗ്ലാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകി വീണു.

ട്രാഫിക് ലൈറ്റ് സംവിധാനം തകരാറിലായി. വഴിയോരങ്ങളിലുള്ള മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി. കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളേയും ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. ഇതുമൂലം പല വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടുണ്ട്. ഇത്തിഹാദ്, എമിറേറ്റസ് വിമാന സര്‍വീസുകള്‍ പലതും മുടങ്ങുകയോ വൈകുകയോ ചെയ്തിട്ടുണ്ട്്.

മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് അബുദാബിയില്‍ ഓഹരി വിപണി വ്യാപാരം നിര്‍ത്തി ഇന്നത്തേക്ക് അടയ്ക്കുകയും ചെയ്തു.

60 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റു വീശിയതെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നു. ശക്തമായ കാറ്റിന് വ്യാഴാഴ്ചയും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: