പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് കന്നയ്യ കുമാറിന് പിഴ വിധിച്ചിട്ടുണ്ടെന്ന് ജെഎന്‍യു അധികൃതര്‍

ന്യൂഡല്‍ഹി : പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് ജെഎന്‍യു അധികൃതര്‍.

2015ല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ കനയ്യ കുമാറില്‍ നിന്നും 3000 രൂപ ഈടാക്കിയിട്ടുണ്ടെന്ന് കാണിച്ച് പത്രക്കുറിപ്പ് ജെഎന്‍യു അധികൃതര്‍ പുറത്തിറക്കി. അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് ആഫ്രിക്കന്‍ സ്റ്റഡീസ് സെന്ററിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് അധികൃതരോട് പരാതിപ്പെട്ടത്. ക്യാംപസിനുള്ളില്‍ പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് തന്നെ പരസ്യമായി അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി.

കനയ്യകുമാര്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണവുമായി ബിജെപി യുവജനവിഭാഗം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുകയാണെന്ന പ്രസ്താവനക്കെതിരെയാണ് യുവമോര്‍ച്ച പരാതി നല്‍കിയത്. ജെഎന്‍യുവില്‍ നടന്ന സ്ത്രീപക്ഷ പരിപാടിയിലായിരുന്നു കനയ്യ കുമാറിന്റെ പ്രസ്താവന. കശ്മീരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

Share this news

Leave a Reply

%d bloggers like this: