മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല; ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത് കാവനില്‍

കാവന്‍: മദ്യപിച്ച് വാഹമോടിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ കാവനിലാണെന്ന് റിപ്പോര്‍ട്ട്. 2015ലെ കണക്കുകള്‍ പ്രകാരം മദ്യപിച്ചു വാഹനമോടിച്ച് പിഴ ചുമത്തപ്പെട്ടവരുടെ എണ്ണം ലൈസന്‍സ് ഹോള്‍ഡര്‍മാരേക്കാള്‍ കൂടുതലാണെന്നാണ് കണക്ക്. 100,000 ജനസംഖ്യയില്‍ 16 പേര്‍ക്ക് വീതമാണ് മദ്യപിച്ച് വാഹമോടിച്ച് പിഴ ചുമത്തപ്പെട്ടിട്ടുള്ളത്. കാവന്‍ കഴിഞ്ഞാല്‍ ഡൊണഗലും കെറിയുമാണ് തൊട്ടുപിന്നില്‍. ഇവിടെ 100,00 ജനസംഖ്യയില്‍ 15 പിഴകളാണ് പോയ വര്‍ഷം ചുമത്തിയത്. 14 പിഴ കുറ്റം ചുമത്തി ലിമെറിക് ആണ് തൊട്ടുപുറകില്‍.

2015ല്‍ ആകെ ചുമത്തിയത് 249,599 നിയമലംഘനങ്ങളാണ്. ഇതില്‍ പിഴ ചുമത്തിയ 188,077 നിയമലംഘനങ്ങളില്‍ 75 ശതമാനവും അമിതവേഗതയ്ക്കാണ്. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് പിഴ ചുമത്തിയതിന് മുന്നില്‍ നില്‍ക്കുന്നത് കില്‍കെന്നിയിലെ ഡ്രൈവര്‍മാരാണ്. 5,331 നിയമലംഘനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപുറകില്‍ വെക്‌സ്‌ഫോര്‍ഡ് ആണ്. ഒരു ലക്ഷത്തില്‍ 4,701 നിയമലംഘനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയപ്പോള്‍ കില്‍ഡെയറില്‍ 4,533 പിഴ ചുമത്തി.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് രണ്ടാമത്തെ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത നിയമലംഘനം. 26,216 പേര്‍ക്ക് ഇതിന്റെ പേരില്‍ പിഴ ചുമത്തി. ഗാല്‍വെയിലാണ് മൊബൈല്‍ ഉപയോഗത്തിന്റെ പേരില്‍ ഏറ്റവും അധികം പിഴ ചുമത്തിയിട്ടുള്ളത്- 952. മൊത്തം കണക്കെടുക്കുകയാണെങ്കില്‍ ഏറ്റവും കുറവ് പിഴ ചുമത്തിയിട്ടുള്ളത് ഡൊണെഗലിലാണ്, 3,191.

മദ്യപിച്ച് വാഹനമോടിക്കുന്നതിന് അയര്‍ലന്‍ഡില്‍ ഇപ്പോഴും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി വക്താവ് ബ്രയാന്‍ ഫാരല്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കാറുണ്ടെന്ന് 10ല്‍ ഒരു ഡ്രൈവര്‍മാര്‍ വീതം സമ്മതിക്കുന്നു. സ്ത്രീകള്‍ക്ക് പിഴ ചുമത്തിയതിലും ഇരട്ടിയാണ് പുരുഷന്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് കഴിഞ്ഞ വര്‍ഷം ആകെ 78,450 പിഴ ചുമത്തിയപ്പോള്‍ പുരുഷന്‍മാര്‍ക്ക് അത് 132,467 ആണ്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ടത് 15 മുതല്‍ 24 വയസുവരെയുള്ളവര്‍ക്കാണ്. പുരുഷന്‍മാരില്‍ 65 വയസിന് മുകളിലുള്ളവരും സ്ത്രീകളില്‍ 25 വയസിന് താഴെയുള്ളവരുമാണ് ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ എന്നും കണക്കുകളില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: