സ്ത്രീപ്രവേശനം: ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിനുശേഷം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക്

മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ വിലക്ക് നീക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രയത്‌നഫലമാണു മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ നീക്കാന്‍ കാരണം. 400 വര്‍ഷം പഴക്കമുള്ള വിലക്കാണു കഴിഞ്ഞ ദിവസം നീക്കിയത്.

മൂന്നു മാസത്തെ പോരാട്ടത്തിനുശേഷമാണു സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുള്ള വഴി തുറന്നത്. ലിംഗ അസമത്വത്തിനെതിരായ പോരാട്ടം തുടരും. അടുത്തലക്ഷ്യം കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം സാധ്യമാക്കുകയാണ്. അതിനുള്ള പോരാട്ടം 13-ാം തീയതി ആരംഭിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകള്‍ക്കു ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്നുള്ളതു മൗലികാവകാശമാണെന്ന് ഏപ്രില്‍ ഒന്നിനു ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനത്തിനു സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും കോടതി വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സാധ്യമായത്.

അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബഞ്ച് സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചില്‍ ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തിയാണ് സുപ്രീം കോടതി ബഞ്ച് പുനഃസംഘടിപ്പിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പുനഃസംഘടിപ്പിച്ച ബഞ്ച് തിങ്കളാഴ്ച ആദ്യ വാദം കേള്‍ക്കും.

Share this news

Leave a Reply

%d bloggers like this: