സംസ്ഥാനത്തെ ആറു ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ച് ഉത്തരവായി. ജോയ്സ് പാലസ് തൃശൂര്‍, ക്രൗണ്‍ പ്ലാസ കൊച്ചി, വൈത്തിരി വില്ലേജ് വയനാട്, റമദ ആലപ്പുഴ, ഡയാനാ ഹൈറ്റ്സ് കൊച്ചി, സാജ് എര്‍ത്ത് നെടുമ്പാശേരി എന്നിവയ്ക്കാണ് ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായിട്ടാണ് ആറു ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. ഇതിനു മുമ്പു തിരുവനന്തപുരം കഠിനംകുളം ലേക്ക്പാലസ്, ആലപ്പുഴ സരോവര്‍ എന്നീ ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കിയിരുന്നു. ഫോര്‍ സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ ഫൈവ് സ്റ്റാറിലേക്ക് ഉയര്‍ത്തിയാണ് ഇപ്പോള്‍ ലൈസന്‍സ് നേടിയെടുത്തത്.

മൂന്നു ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍നിന്നു ഫൈവ് സ്റ്റാറിലേക്ക് ഉയര്‍ത്തിയതാണ്. ഇവയില്‍ സാജ് എര്‍ത്തിന് ലൈസന്‍സ് പുതുക്കി നല്‍കുകയാണ് ചെയ്തിട്ടുള്ളത്. സുപ്രീം കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയ ശേഷമാണിത്. 2016-ലാണ് ജോയ്സ് പാലസിനു ലൈസന്‍സ് ലഭിച്ചത്. നേരത്തെ പൂട്ടിയ ബാറുകളിലുള്‍പ്പെടുകയും പിന്നീട് ബിയര്‍ പാര്‍ലറായി മാറുകയും ചെയ്ത ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ പദവി നേടുകയായിരുന്നു. സാജിന് ലൈസന്‍സ് നല്‍കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരേ ഹോട്ടല്‍ ഹൈക്കോടതിയെ സമീപിച്ചു. സാജ് എര്‍ത്തിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഇതിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

എന്നാല്‍, അപ്പീല്‍ തള്ളി. ബാര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ ബാര്‍ ലൈസന്‍സ് അനുവദിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയായി. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനു കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന സാഹചര്യമുണ്ടായി.

Share this news

Leave a Reply

%d bloggers like this: