എയര്‍ ഇന്ത്യ യാത്രക്കാര്‍ രണ്ടൂ മണിക്കൂര്‍ വിമാനത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

നെടുമ്പാശേരി: ജിദ്ദയില്‍നിന്ന് 33 മണിക്കൂര്‍ വൈകി കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ രണ്ട് മണിക്കൂര്‍ വിമാനത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊച്ചി-ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ടു ഫ്‌ളൈറ്റുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതുമൂലം കൊച്ചിയില്‍ 772 യാത്രക്കാര്‍ കുടുങ്ങിയിരുന്നു. ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കു വരേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ ഇരുന്ന് നരകയാതന അനുഭവിക്കുകയായിരുന്നുവെന്ന് സൗദിഅറേബ്യയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3.50 നാണ് 336 യാത്രക്കാരുമായി എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് കൊച്ചിയില്‍ വന്നിറങ്ങിയത്. ഈ വിമാനം 21നു രാവിലെ ഏഴിന് എത്തേണ്ടതായിരുന്നു. ജിദ്ദ വിമാനത്താവളത്തില്‍ കഴിഞ്ഞുകൂടേണ്ടിവന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ യാതൊരുവിധ സൗകര്യവും നല്കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

സാധാരണ നിലയില്‍ താമസസൗകര്യവും ഭക്ഷണസംവിധാനങ്ങളും എയര്‍ ഇന്ത്യ കൊടുക്കേണ്ടതാണ്. ഇതിന് ഓരോരുത്തര്‍ക്കും 500 ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. ഇത് അംഗീകരിക്കാതെ വിമാനത്തില്‍നിന്ന് ഇറങ്ങുകയില്ലെന്ന് യാത്രക്കാര്‍ ശഠിച്ചു. സുരക്ഷാസേനയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സിയാല്‍ അധികൃതരും നിരന്തരം ശ്രമിച്ചിട്ടും യാത്രക്കാര്‍ വഴങ്ങിയില്ല. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിവേദനമായി എഴുതി ഒപ്പിട്ടുനല്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് എല്ലാവരും ഒപ്പിട്ടു നല്കിയ നിവേദനം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് യാത്രക്കാര്‍ക്കു നല്കി. ഇതിനുശേഷം വൈകുന്നേരം ആറോടെയാണ് എല്ലാവരും വിമാനത്തില്‍ നിന്ന് ഇറങ്ങിയത്.

Share this news

Leave a Reply

%d bloggers like this: