ജോസഫ് ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സുഹൃത്തുക്കള്‍

ഡബ്ലിന്‍: ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി എഞ്ചിനീയര്‍ ജോസഫ് ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് സുഹൃത്തുക്കള്‍. ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ജോസഫ് ജോര്‍ജിനെ ഇന്നലെയാണ് ഡബ്ലിന്‍ ഡബ്ലിന്‍ ആഡംസ് ടൗണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജോസഫ് ഭാര്യയുമായി വേര്‍പിരിഞ്ഞാണു കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും അഹമ്മദാബാദിലാണ്. തിരുവല്ല പുത്തൂര്‍ പടിഞ്ഞാറേതില്‍ പരേതനായ പി വി ജോര്‍ജിന്റെയും പായിപ്പാട്ട് മുട്ടത്തേട്ട് അന്നമ്മയുടെയും മകനാണ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. ജോസഫിന്റെ മാതാപിതാക്കളും അഹമ്മദാബാദിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

ഒരു വര്‍ഷമായി ജോസഫ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സൂചന. കുറച്ചുകാലങ്ങളായി ജോലിക്കു പോകാതിരുന്ന ജോസഫ് സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. ജോസഫിന്റെ അയല്‍വാസിയായ ഒരു ആഫ്രിക്കന്‍ ഡ്രൈവര്‍ എന്നും രാത്രി മൂന്നു മണിവരെ ജോസഫിന്റെ ജനാല തുറന്നുകിടക്കുന്നതു കാണുമായിരുന്നു എന്നാല്‍ രണ്ടുദിവസമായി ജനാല തുറക്കാത്തതില്‍ ഇയാള്‍ക്കു സശയം തോന്നിയിരുന്നു. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. ഗാര്‍ഡയെത്തി വീടുതുറന്നപ്പോഴാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയിരുന്ന ജോസഫ് ആറുമാസം മുന്‍പ് തിരിച്ചുവരുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിച്ച് നാട്ടിലേക്കു പോയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ വാടകക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ജോസഫ് വീട് വാടകയ്ക്ക് കൊടുത്തിരുന്നില്ല.

ഫാദര്‍ ആന്റണി ചീരംവേലില്‍ അടങ്ങുന്ന സീറോ മലബാര്‍ സഭാ നേതാക്കള്‍ ജോസഫിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോസഫിന്റെ സഹോദരന്‍ ജോണ്‍സണ്‍ നാളെ ഉച്ചക്ക് ഒന്നരയോടെ ഡബ്ലിനില്‍ എത്തുമെന്നാണ് കരുതുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്.

Share this news

Leave a Reply

%d bloggers like this: