ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ തിരിച്ചെത്തിക്കാനാകില്ല

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ, പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ തിരിച്ചയക്കാനാകില്ലെന്നു ബ്രിട്ടന്‍. ഇന്ത്യ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂവെന്നു ബ്രിട്ടന്‍ അറിയിച്ചതായാണു സൂചന. മല്യയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അതേപ്പറ്റി അറിയിക്കണമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

വിവിധ ബാങ്കുകളില്‍നിന്ന് 9,400 കോടി രൂപ വായ്പയെടുത്തു ലണ്ടനിലേക്കു കടന്ന മദ്യവ്യവസായി വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്നു ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്കു യുകെയില്‍ തുടരുന്നതിനു പാസ്‌പോര്‍ട്ട് ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വീസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണു പാസ്‌പോര്‍ട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോടു നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണു ബ്രിട്ടന്‍ ചെയ്തത് എന്നും വികാസ് സ്വരൂപ് പറഞ്ഞു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,400 കോടി രൂപ വായ്പയെടുത്ത മല്യ മാര്‍ച്ച് രണ്ടിനാണു രാജ്യം വിട്ടത്. ഇതിനുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശിപാര്‍ശ പ്രകാരം മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഒപ്പംതന്നെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: