വടകരയില്‍ ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു

കോഴിക്കോട്: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (38) ആണ് മരിച്ചത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ് പാല്‍ സിംഗിന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വെടിവച്ചശേഷം സിംഗ് രക്ഷപ്പെട്ടു.

ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് രാംഗോപാല്‍ മീണ സ്‌കൂളിലെ ക്ലാസ് മുറിയില്‍ താമസിക്കുകയായിരുന്നു. രാത്രി 10.45 ഓടെ മുറിയില്‍നിന്നും വെടിയൊച്ച കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. വടകര സഹകരണ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

പ്രതിയായ ജവാനു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്. ആയുധങ്ങളുമായാണ് ഇയാള്‍ കടന്നതെന്നാണ് റിപ്പോര്‍ട്ട്. അവധി നിഷേധിച്ചതാണ് ഉമേഷിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് കമാണ്ടന്റ് പ്രഹര്‍ ത്രിവേദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: