വി.എസ് വോട്ടു ചെയ്തത് ഒളിഞ്ഞു നോക്കിയ സംഭവം; സുധാകരനെതിരെ കേസെടുത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഭാര്യയും വോട്ടുചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. പോളിംഗ് ബൂത്തില്‍ മോശമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി.ഹാരിസും ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജുമാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണത്തിനു കലക്ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടിരുന്നു. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സിഡിയും കൈമാറിയിരുന്നു.

വി.എസ്. അച്യുതാനന്ദനും ഭാര്യ വസുമതിയും അമ്പലപ്പുഴ മണ്ഡലത്തില്‍ പറവൂര്‍ ഗവ. സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. മകന്‍ അരുണ്‍ കുമാറാണു വിഎസിനെ വോട്ടുചെയ്യാന്‍ സഹായിച്ചത്. ഇവര്‍ക്കൊപ്പം ബൂത്തില്‍ കടന്ന ജി. സുധാകരന്‍ വിഎസ് വോട്ടുചെയ്യുന്നതു നോക്കിയെന്നാണു പരാതി.

Share this news

Leave a Reply

%d bloggers like this: