അഞ്ച് അസോസ്യേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) അടക്കം അഞ്ച് അസോസ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിക്കും. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ പ്രമേയം പാസാക്കി.

നീക്കത്തില്‍ പ്രതിഷേധിച്ച് അസോസ്യേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലമാണ് ഇതറിയിച്ചത്.

എസ്ബിടിക്കു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബീക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവയാണ് അസോസ്യേറ്റ് ബാങ്കുകള്‍. 2013 ല്‍ ആരംഭിച്ചതാണു സ്ത്രീകള്‍ക്കു മാത്രമായുള്ള ഭാരതീയ മഹിളാ ബാങ്ക്. നേരത്തേ രണ്ട് അസോസ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെ 2008ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ 2010ലുമാണു ലയിപ്പിച്ചത്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാര്‍ച്ചിലും ഏപ്രിലിലും തങ്ങള്‍ക്കു നല്‍കിയ ഉറപ്പിന്റെ ലംഘനമാണു ലയനനീക്കമെന്നു എഐബിഇഎ ആരോപിച്ചു. ഇന്നലെ മുംബൈയില്‍ അസോസ്യേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ ഇതിനു പ്രമേയം കൊണ്ടുവരികയായിരുന്നു. തൊഴിലാളി പ്രതിനിധികളും ചില സ്വതന്ത്ര ഡയറക്ടര്‍മാരും എതിര്‍പ്പ് രേഖപ്പെടുത്തി. എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ് ഈ പ്രമേയങ്ങള്‍ ചര്‍ച്ചചെയ്തു. അതിനു മുന്‍പ് ലയനാനുമതി തേടി ഗവണ്‍മെന്റിലേക്കു നിര്‍ദേശം വച്ചു.

അഞ്ച് അസോസ്യേറ്റ് ബാങ്കുകളിലും കൂടി അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. എസ്ബിഐയില്‍ 16.71 ലക്ഷം കോടി നിക്ഷേപമാണ് കഴിഞ്ഞ ഡിസംബര്‍ 31 നുള്ളത്. അഞ്ചു ബാങ്കുകളും കൂടി 3.97 ലക്ഷം കോടി രൂപ വായ്പ നല്‍കിയപ്പോള്‍ എസ്ബിഐയുടെ വായ്പ 14.28 ലക്ഷം കോടി രൂപയാണ്.

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയാല്‍ ഒട്ടേറെ ശാഖകള്‍ അടച്ചുപൂട്ടുമെന്ന് എഐബിഇഎ കേരള ഘടകം ജനറല്‍ സെക്രട്ടറി സി.ഡി. ജോണ്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: