ഐഎസ് വിഡിയോയില്‍ ആന്ധ്രാ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നു ഭീഷണിപ്പെടുത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വിഡിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും. ഐഎസ് പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവും ഉണ്ടെന്നു കണ്ടെത്തിയത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസിലെ ടെക്‌സസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യുവാവ് ഐഎസില്‍ ചേര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

മെയ് 19ന് പുറത്തുവിട്ട 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. വിഡിയോയിലുള്ള ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. ഉത്തര്‍പ്രദേശിലെ അസംഗര്‍ഗ്, മഹാരാഷ്ട്രയിലെ കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സാന്നിധ്യം ഇന്റലിജന്‍സ് ഏജന്‍സികളെയും അതിശയിപ്പിച്ചു.
സംഭവം വളരെ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. അതേസമയം, ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ എണ്ണം 25ല്‍നിന്നും 40 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: