പിണറായി ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. രാവിലെ ഡല്‍ഹിയിത്തിയ പിണറായി വൈകിട്ട് 4.30ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി കേരള ഹൌസില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

29, 30 തിയതികളില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുന്നത്. രാവിലെ 10.30ന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി 12 മണിക്ക് ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഒരു മണിയോടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുമായി വൈകിട്ട് 4.30നാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. 6.00 മണിക്കാണ് പിണറായി വിജയന്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുക. സന്ദര്‍ശനം സൌഹൃദ ലക്ഷ്യത്തോടെയുള്ളതാണെന്നും നിവേദനങ്ങളൊന്നും നല്‍കില്ലെന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വൈകിട്ട് 7.00 മണിക്ക് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ കേരളഹൌസില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. പിണറായി വിജയനൊപ്പം മറ്റ് മന്ത്രിമാരാരും ഡല്‍ഹിയിലെത്തില്ല. 29, 30 തിയതികളിലാണ് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നടക്കുക. വിഎസിന്റെ പദവി സംബന്ധിച്ച് നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് കരുതുന്ന പിബിയില്‍ കേരള നേതാക്കളുടെ നിലപാട് നിര്‍ണായകമാകും. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങും.

Share this news

Leave a Reply

%d bloggers like this: