ജിഷ വധം: പ്രതി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം മുന്ന് മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡി.ജി.പി എത്താന്‍ വൈകിയതോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിയത്. വൈകുന്നേരത്തോടെ പോലീസ് ക്ലബ്ബില്‍ എത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതിയെ മുക്കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. മുഖം ഹെല്‍മറ്റ് കൊണ്ട് മറച്ചാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. വന്‍ ജനാവലി തടിച്ചുകൂടിയ കോടതി പരിസരത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

മുപ്പതോളം പോലീസുകാരുടെ അകമ്പടിയോടെ പോലീസ് ബസിലാണ് പ്രതിയെ എത്തിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍ കോടതി വരെ സിഗ്‌നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്ര സുഖമമാക്കിയിരുന്നു.

പ്രതിയെ കാണുന്നതിന് ആലുവ പോലീസ് ക്ലബ്ബിന് പരിസരത്തും പെരുമ്പാവൂര്‍ കോടതി പരിസരത്തും വലിയ ആള്‍ക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാകാനുള്ള സാധ്യത പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കോടതി പരിസരം വടം കെട്ടി തിരിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി 250 പോലീസിനെയാണ് പെരുമ്പാവൂര്‍ കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് അകത്തേക്ക് കടത്തിവിടുന്നത്. കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കോടതി പരിസരത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളത്.

Share this news

Leave a Reply

%d bloggers like this: