ജിഷ വധക്കേസ്; ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

കൊച്ചി: ജിഷ വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉല്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. അസം സ്വദേശിനി അമിറുള്‍ ഇസ്ലാമിനെക്കൂടാതെ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ കണ്ടെത്തല്‍. അമീറുളിനെ ചോദ്യം ചെയ്തതില്‍നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. കൂടാതെ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മീന്‍ വളര്‍ത്തുന്ന ജാറില്‍ നിന്നുള്ള വിരലടയാളവും പൊലീസിന്റെ കണ്ടെത്തലിനെ ബലപ്പെടുത്തുന്നു. ഈ വിരലടയാളം അമീറുള്ളിന്റെതുമായോ സംഭവ ദിവസത്തിന് ശേഷം പൊലീസ് ശേഖരിച്ച 5000 തോളം വിരലടയാളങ്ങളുമായി താരതമ്യം ചെയ്തു നോക്കിയെങ്കിലും ഒന്നുമായി പൊരുത്തപ്പെടുന്നില്ലായെന്നതും പൊലീസിനെ കുഴക്കുന്നു.

ജിഷയുടെ മൃതദേഹത്തില്‍ 30 ലധികം മുറിവുകളാണുള്ളത്. ഇതില്‍ നാല് മുറിവുകള്‍ തന്റെ ആക്രമണത്തിനിടെ ഉണ്ടായതാണെന്ന് അമിറുള്‍ സമ്മതിച്ചു. മറ്റുള്ളവ എങ്ങനെ ഉണ്ടായെന്ന ചോദ്യം വിരല്‍ചൂണ്ടുന്നത് രണ്ടാമനിലേക്കാണ്. ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളില്‍ രണ്ടെണ്ണം അമീറുളിന്റേതല്ല എന്നും വ്യക്തമായിട്ടുണ്ട്. ഇതും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.

അമീറുളിന്റെ സുഹൃത്ത് അനാറുളിനെ പിടികൂടിയാല്‍ മാത്രമെ ഇതുസംബന്ധിച്ച വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് കരുതുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം സുഹൃത്ത് അനാറുള്‍ ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ജിഷയെ കൊല്ലാനുപയോഗിച്ച കത്തി അനാറുളിന്റേതാണ് എന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഈ കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന് അമീറുള്‍ പറഞ്ഞിരുന്നു. കൊലപാതകം നടത്തിയ രീതി ഇയാള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മൊഴികളിലെ വൈരുധ്യവും സാഹചര്യ തെളിവുകളുമായുള്ള പൊരുത്തക്കേടുകളും വ്യക്തമായത്. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യ നേരിട്ടെത്തി അമിറുളിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: