ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സോളര്‍ കമ്മിഷനു മുന്നില്‍ സരിത എസ്.നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. പരാതി നിലനില്‍ക്കുന്നതല്ല. ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ ഉത്തരവില്‍ വ്യക്തമാക്കി. ദ്രുതപരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. പരാതിക്കാരന്റെ വാദം കേട്ട ഉടനെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ആണ് ഉത്തരവിട്ടത്.

എന്നാല്‍, നടപടിയെ ഉമ്മന്‍ ചാണ്ടിയും ആര്യാടനും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു. ഈ സംഭവങ്ങള്‍ വന്‍ വിവാദമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: