അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന
യുവമാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു

മുണ്ടക്കയം: ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് (33)അന്തരിച്ചു. ന്യൂസ് 18 ചാനലിന്റെ റിപ്പോര്‍ട്ടറാണ് സനല്‍.

കഴിഞ്ഞ മാസം 20ന് കോരുത്തോട് റൂട്ടില്‍ പത്തുസെന്റിലുണ്ടായ ഓട്ടോറിക്ഷ അപകടത്തിലാണ് സനലിന് പരിക്കേറ്റത്. അപകടത്തില്‍ സനലിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.ചൊവ്വാഴ്ച രാത്രിയോടെ നില വഷളായി. ബുധനാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.

നിരവധി സുഹൃത്തുക്കള്‍ സനലിനെ ഓര്‍മ്മിക്കുന്നു. നിഷ്‌ക്കളങ്കതും ലാളിത്യവും സനലിന്റെ പ്രത്യേകതകളായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. റിപ്പോര്‍്ട്ടര്‍ ടിവി സീനിയര്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെ…

സാധാരണക്കാരില്‍ സാധാരണക്കാരന്‍’.. അങ്ങനൊരാള്‍ക്ക് പണവും അധികാരവും അതിരുതിരിക്കുന്ന രാജ്യ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകനായി അതിജീവിക്കാനാകുമോ? പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ദില്ലിയിലെ അങ്ങനെയൊരു ജീവിതം അപരിചിതമായേക്കും.. പക്ഷെ അങ്ങനെ ജീവിക്കുകയും പോരാടുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരിലെ സാധാരണക്കാരില്‍ മുന്‍ നിരയിലുണ്ടായിരുന്നു സനില്‍ ഫിലിപ്പ് .. വുഡ് ലാന്റ്‌സിന്റെ ഷൂസും ബ്രാന്‍ഡഡ് ഷര്‍ട്ടുകളും പാന്റ്‌സും ധരിച്ച് ഇന്‍സേര്‍ട്ടാക്കി നടക്കുമ്പോഴേ ദില്ലിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാകൂവെന്ന സ്വയം തോന്നലുകള്‍ എത്ര അനായാസമായാണ് അവന്‍ തകര്‍ത്തെറിഞ്ഞത്..
പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറാനും സ്ലിപ്പര്‍ മതി. ജന്‍പഥിലെയും സരോജിനി നഗര്‍ മാര്‍ക്കറ്റിലെയും പാലിക ബസാറിലെയും വസ്ത്രങ്ങള്‍ കൊണ്ട് നഗ്‌നത മറച്ചാല്‍ മതി. ജാഡകളിലല്ല കാര്യമെന്ന് ഞങ്ങളെയൊക്കെ അവന്‍ വേഷത്തിലൂടെയും ഇടപെടലിലൂടെയും പഠിപ്പിച്ചിരുന്നു.
ആ ലാളിത്യവും നിഷ്‌ക്കളങ്കതയും മറയില്ലായ്മയുമാണ് മുണ്ടക്കയംകാരന്‍ സനില്‍ ഫിലിപ്പ്! കാഴ്ചയില്‍ അതിപ്രതാപവാന്‍മാരായി വാര്‍ത്താ സമ്മേളനങ്ങളില്‍ വാ തുറക്കാതിരിക്കുന്നവരുടെ സ്‌കൂളിലായിരുന്നില്ല സനില്‍ പഠിച്ചത് .അവന്‍ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കും, മറുപടി പറയാന്‍ ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ വെട്ടിത്തുറന്നു തന്നെ ചോദിക്കും ..
പിണറായിയുടെ ദില്ലി സന്ദര്‍ശനങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ അശങ്കപ്പെട്ട കാലത്തും കേരള ഹൗസില്‍ വച്ച് സനല്‍ ചോദിച്ച മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ എത്ര.. കോടിയേരിയോട് ഒരിക്കല്‍ ഒരു വിവാദത്തെപ്പറ്റി ചോദിക്കാന്‍ മടിച്ച ഞങ്ങള്‍ കുറേ പേര്‍ സനിലിനെ അതിരാവിലെ വിളിച്ചുണര്‍ത്തിയത് ഓര്‍മ്മയിലുണ്ട്.. അപ്രിയ കാര്യങ്ങള്‍ ചോദിക്കാന്‍ എന്തിനുമടിക്കണം, ഇതാണ് നമ്മുടെ ചോറെന്ന് അവന്‍ പറയാറുണ്ടായിരുന്നു ..
ഒടുവില്‍ ആഴ്ചകള്‍ക്ക് മുമ്പ് പുതിയ ജോലിയെപ്പറ്റി പറയുമ്പോള്‍ അവന്റെ ശബ്ദത്തില്‍ കേട്ട പ്രതീക്ഷയാണ് മരണം ഇത്ര തിടുക്കത്തില്‍ തല്ലിക്കെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം , വിവാഹം കഴിക്കണം അങ്ങനെ പുതിയ പ്രതീക്ഷകളുടെ ഒരു ലോകത്തിന്റെ വാതില്‍ക്കല്‍ നിന്നാണ് അവന്‍ വേര്‍പിരിയുന്നത്..
ക്ലേശങ്ങളില്‍ മാത്രം കഴിഞ്ഞവര്‍ ജീവിതത്തിന്റെ പച്ചില എത്തിപ്പിടിക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ ഇത്ര നിര്‍ദ്ദയം അവരെ കവര്‍ന്നെടുക്കുന്നതെന്തിനാണ് മരണമേ …

-എജെ-

Share this news

Leave a Reply

%d bloggers like this: