ബ്രിട്ടനോട് മൃദുസമീപനവുമായി എന്‍ഡാ കെന്നി: അയര്‍ലന്റ്-യുകെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ബ്രെക്‌സിറ്റിനു ശേഷമുള്ള അനന്തര നടപടികള്‍ക്കായി യുകെയുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്ന് തുടങ്ങാനിരിക്കേ ബ്രിട്ടനോട് താരതമ്യേന മൃദുസമീപനവുമായി പ്രധാനമന്ത്രി എന്‍ഡാ കെന്നി. ബ്രിട്ടന്റെ പുറത്തുപോകല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ബ്രിട്ടന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള സാവകാശം നല്‍കണമെന്ന നിലപാടാണ്  ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ യോഗത്തിനു മുമ്പായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഐറിഷ് വിദേശകാര്യമന്ത്രി ചാര്‍ലി ഫഌനഗനും നോര്‍ത്തേണ്‍ അയര്‍ലന്റ് സെക്രട്ടറി തെരേസ വില്ലിയേഴ്‌സും തമ്മില്‍ ഇന്ന് ബെല്‍ഫാസ്റ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളും അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും. വടക്കന്‍ അയര്‍ലന്റ് ഭരണകൂടത്തിലെ പ്രമുഖരും ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന കോളം ഈസ്റ്റ്‌വുഡ്, ഡേവിഡ് ഫോര്‍ഡ് തുടങ്ങിയ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കും.
ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ഒരു മാസത്തെ സമയം നല്‍കാനുള്ള നിര്‍ദേശം ശുഭോദര്‍ക്കമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ യോഗത്തിനു മുമ്പായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാധനങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്ര വിനിമയം പോലെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരവും യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുകെയുമായുള്ള ചര്‍ച്ചകളില്‍ സാമ്പത്തികമേഖലയിലും യുകെയുമായുള്ള സ്വതന്ത്ര സഞ്ചാരമേഖല, വടക്കന്‍ അയര്‍ലന്റിലെ സമാധാനം തുടങ്ങിയ കാര്യങ്ങളിലും അയര്‍ലന്റിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: