മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് എന്‍ഡാ കെന്നി

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര മന്ത്രിമാരെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം ഗര്‍ഭഛിദ്ര ബില്ലുമായി ബന്ധപ്പെട്ട് സമവായത്തിലെത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ബില്ലുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാന്‍ സ്വതന്ത്ര മന്ത്രിസഭാംഗങ്ങളെ അനുവദിക്കുമെന്ന് വൈമനസ്യത്തോടെയാണെങ്കിലും പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് ഒരു തവണത്തേക്ക് മാത്രമായിരിക്കുമെന്നും കീഴ്‌വഴക്കമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
താന്‍ എന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടിട്ടുള്ള വ്യക്തിയാണെന്നും അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു ബില്ലിനെ പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുണയ്ക്കാനാവില്ലെന്നും ഇക്കാര്യം സഹപ്രവര്‍ത്തകരും ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: