കെന്നി വിശ്വാസപ്രമേയത്തിന്, ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കവുമായി വരാദ്കറിന്റെ പിന്തുണ

ഒരു വിഭാഗം ഫിനഗേല്‍ ടിഡിമാരിലും സെനറ്റര്‍മാരിലും നിന്ന് കടുത്ത വിമര്‍ശനം നേരിടുന്ന പ്രധാനമന്ത്രി എന്‍ഡാ കെന്നി പാര്‍ട്ടിക്കുള്ളില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നു. ഭൂരിപക്ഷത്തിന്റെ വിശ്വാസം നേടി വിമതസ്വരങ്ങളെ അതിജീവിക്കാനുള്ള കെന്നിയുടെ ശ്രമങ്ങള്‍ക്ക് അപ്രതീക്ഷിത പിന്തുണയുമായി സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി ലിയോ വരാദ്കറും രംഗത്തെത്തിയതോടെ കെന്നിക്ക് പരീക്ഷണം അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. മിക്കവാറും ബുധനാഴ്ചയായിരിക്കും വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെടുക.
ബ്രെന്‍ഡന്‍ ഗ്രിഫിന്‍, പാറ്റ് ഡീറിങ്, പീറ്റര്‍ ഫിറ്റ്‌സ് പാട്രിക് തുടങ്ങിയ നേതാക്കളാണ് കെന്നിയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുള്ളത്. കെന്നിക്കു പകരം പുതിയ നേതാവായി വരാദ്കറിന്റെയും സൈമണ്‍ കോവനിയുടെയും ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെയും പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. വിമതനീക്കങ്ങള്‍ക്ക് ഈ മൂന്നുപേരുടെയും അനുഗ്രഹാശിസ്സുകള്‍ ഉള്ളതായും വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും നടത്തിയ അഭിപ്രായസര്‍വേകളില്‍ ഒന്നാംസ്ഥാനത്തെത്തിയ ലിയോ വരാദ്കര്‍ നാടകീയമായ നീക്കത്തിലൂടെ കെന്നിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിമതനീക്കങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പാര്‍ട്ടി നേതൃസ്ഥാനം മാറാനുള്ള സമയമല്ല ഇതെന്നും വിഷമകരമായ ഒരു തെരഞ്ഞെടുപ്പിനെ അതിജീവിച്ച് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വേളയില്‍ എല്ലാവരും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നുമാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വരാദ്കര്‍ പറഞ്ഞത്.
നിലവില്‍ ഒന്നാംസ്ഥാനത്താണെങ്കിലും പാര്‍ട്ടിക്കുള്ളിലോ പുറത്തോ ഒരു തെരഞ്ഞെടുപ്പുണ്ടായാല്‍ ഇന്ത്യന്‍ വംശജനെന്ന നിലയിലും സ്വവര്‍ഗാനുരാഗിയാണെന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ കാണിച്ച ധൈര്യത്തിന്റെ പേരിലും തന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിത്വത്തെ യാഥാസ്ഥിതിക വിഭാഗം ചെറുത്തുതോല്‍പിക്കാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് കെന്നിയുമായി കൈകോര്‍ക്കാന്‍ വരാദ്കര്‍ ഒരുങ്ങിയതെന്നാണ് സൂചന. ആപല്‍സ്ഥിതിയില്‍ കെന്നിയോടൊപ്പം നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പുസമയത്ത് കെന്നി സ്വമേധയാ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെയും കൂടെയുള്ളവരുടെയും പിന്തുണ തനിക്കായിരിക്കുമെന്ന് ഉറപ്പിക്കാനാണ് വരാദ്കറിന്റെ നീക്കം. പൊതുവേ ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ കാണുന്നവിധത്തിലുള്ള തന്ത്രപരമായ പിന്മാറ്റവും ദീര്‍ഘകാല ലക്ഷ്യം കണ്ടറിഞ്ഞ് മെയ്‌വഴക്കത്തോടെയുള്ള രാഷ്ട്രീയക്കളിയുമാണ് വരാദ്കര്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: