സാക്കിര്‍ നായിക്ക് സ്‌കൈപ്പ് വഴി മാധ്യമങ്ങളെ കാണും

മുംബൈ: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലദേശ് ആരോപിച്ച മതപണ്ഡിതനും പ്രാസംഗികനുമായ സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. നിലവില്‍ സൗദി അറേബ്യയിലുള്ള സാക്കിര്‍ നായിക്ക്, സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക. സാക്കിര്‍ നായിക്ക് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള ചില പ്രമുഖ വ്യക്തികളും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബോളിവുഡ് താരങ്ങള്‍, അഭിഭാഷകര്‍, വിവിധ എന്‍ജിഒകളിലെ അംഗങ്ങള്‍ എന്നിവരാകും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുക.

ബംഗ്ലദേശിലെ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ക്കു പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ ‘പ്രകോപനപരമായ’ പ്രസംഗങ്ങളാണെന്നായിരുന്നു ബംഗ്ലദേശിന്റെ ആരോപണം. ഈ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും കൃതികളും പരിശോധിച്ചുവരികയാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടി അന്വേഷണ ഏജന്‍സികളൊന്നും തന്നെ സമീപിച്ചിട്ടില്ലെന്നും സാക്കിര്‍ നായിക്ക് വക്താവ് വഴി അറിയിച്ചു.

കഴിഞ്ഞ ദിവസം സൗദിയില്‍നിന്ന് തിരിച്ച് മുംബൈയിലെത്തേണ്ടിയിരുന്ന സാക്കിര്‍ നായിക്ക്, അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. നായിക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിനും അദ്ദേഹം സ്ഥാപിച്ച ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന സാക്കിര്‍ നായിക്കിന് സമന്‍സ് അയച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇനിയെന്നാണ് സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയെന്ന് വ്യക്തമല്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: