സര്‍ക്കാറിനെതിരെ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരാകും

തിരുവനന്തപുരം: പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് എം.കെ. ദാമോദരന്‍ ഹാജരാകും. മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് സര്‍ക്കാറിനെതിരെ കേസുകള്‍ വാദിക്കുന്നത് നേരത്തെത്തന്നെ വിവാദമായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം വീണ്ടും വിവാദത്തിലായിരിക്കുന്നത്.

സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും വിജിലന്‍സ് കേസ് പ്രതി ആര്‍. ചന്ദ്രശേഖരനു വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐ എന്‍ ടി യു സി നേതാവിന് വേണ്ടിയും എം കെ ദാമോദരന്‍ ഹാജരായത് നേരത്തെ വിവാദമായിരുന്നു. അഞ്ചു ഹെക്ടറില്‍ താഴെയുളള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ക്വാറി ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ദാമോദരന്‍ നാളെ ഹാജരാകുന്നത്.

ഏതെങ്കിലും കേസ് എടുക്കുന്നതിന് എം കെ ദാമോദരന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും പ്രതിഫലം പറ്റിയിട്ടല്ല അദ്ദേഹം ഉപദേശക സ്ഥാനത്തിരിക്കുന്നതെന്നുമായിരുന്നു വിവാദത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിഫലമില്ലാത്ത ഈ പദവി മറ്റു കേസുകളിലും ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുളളതിനാലാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.

-sk-

Share this news

Leave a Reply

%d bloggers like this: