രാജ്യത്തെ ആകെ സമ്പത്തിന്റെ 53.3 ശതമാനവും 10% പേരുടെ കൈയ്യിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും സമൂഹത്തിലെ ഏതാനും ഉന്നതരുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ട്. ആകെ സമ്പത്തിന്റെ 53.3 ശതമാനവും രാജ്യത്തെ ഉന്നതരായ 10% പേരുടെ കൈയ്യിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പബ്ലിക് എജ്യുക്കേഷന്‍ ചാരിറ്റിയായ ടി എ എസ് സി (തിങ്ക് ടാങ്ക് ഫോര്‍ ആക്ഷന്‍ ഓണ്‍ സോഷ്യല്‍ ചെയ്ഞ്ച്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അയര്‍ലണ്ടില്‍ സാമ്പത്തിക തുല്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യരേഖയ്ക്കു കീഴില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ടി എ എസ് സി പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. 2008 ല്‍ 6.3% കുട്ടികളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേക്കും ദാരിദ്ര്യരേഖയ്ക്കു കീഴില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

2014 ല്‍ 11.2% കുട്ടികളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതത്വം, ഭക്ഷണം, വീട്, സ്‌നേഹം, വിദ്യാഭ്യാസം എന്നിവയാണ് രാജ്യത്തെ കുട്ടികളുടെ അടിസ്ഥാന ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ശമ്പളം ലഭിക്കുന്നില്ല എന്നുള്ളതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശമ്പളങ്ങള്‍ തമ്മില്‍ 13.9 ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: