ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെ ബ്രസീലില്‍ അറസ്റ്റ് ചെയ്തു

ബ്രസീലിയ: റിയോ ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയ ഒരു സംഘത്തിലെ 10 പേരെ ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ബ്രസീലുകാരാണ്. തീവ്രവാദി സംഘടനയായ ഐ എസിനോട് അനുഭാവമുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായവര്‍ നിലവില്‍ ഐ എസില്‍ അംഗങ്ങളല്ലെന്നും എന്നാല്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

ബ്രസീലിലെ ഫെഡറല്‍ പൊലീസാണ് പത്തുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ദക്ഷിണ സംസ്ഥാനമായ പരാനയിലാണ് സംഘം അറസ്റ്റിലായത്. ആഗസ്റ്റ് അഞ്ചിന് റിയോ ഒളിമ്പിക്‌സ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് തീവ്രവാദ വിരുദ്ധ സംഘടന ഒരുക്കിയിരിക്കുന്നത്. 10 വ്യത്യസ്ത പ്രദേശങ്ങളില്‍ താമസിച്ചിരുന്ന സംഘാംഗങ്ങള്‍ വാട്ട്‌സ്ആപ്പ് വഴിയും ടെലിഗ്രാം വഴിയുമാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഒപ്പമുള്ളവരെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല.

റിയോ ഒളിമ്പിക്‌സിന് തുടക്കം കുറിക്കാന്‍ രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെയാണ് സംഘം ഭീകരാക്രമണം നടത്താനായി ഒളിമ്പിക്‌സ് നഗരത്തില്‍ എത്തിയിരുന്നത്. റിയോ ഒളിമ്പിക്‌സിന് തീവ്രവാദ ഭീഷണി ഉണ്ടന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഒളിമ്പിക്‌സ് ലക്ഷ്യം വെക്കാന്‍ ഭീകരസംഘടന അനുയായികള്‍ക്ക് ആഹ്വാനം നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. സംഭവത്തെ തുടര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: