പോളണ്ട് സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ കാല്‍തെറ്റി വീണു, പരുക്കുകളില്ല

വാഴ്‌സാ: പോളണ്ടിലെ പരിശുദ്ധ ജസ്‌ന ഗോറ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ പടികള്‍ക്കിടയില്‍ കാല്‍തെറ്റി വീണു. അള്‍ത്താരയിലെ സഹായികളുടെ കൈത്താങ്ങോടെ ഉടന്‍തന്നെ എഴുന്നേറ്റ മാര്‍പാപ്പ പ്രസന്നവദനനായി തന്നെ കുര്‍ബാനയും പ്രസംഗവും നിര്‍വഹിച്ചു.
79 കാരനായ മാര്‍പാപ്പ ദേവാലയത്തിന്റെ പടികള്‍ കയറാനെത്തുന്നതിന്റെയും ഇടയില്‍ കാല്‍തെറ്റി വീഴുന്നതിന്റെയും തുടര്‍ന്ന് പ്രഭാഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പോളിഷ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
പോളണ്ടിന്റെ തെക്കുഭാഗത്ത് ചെസ്‌റ്റോക്കോവ എന്ന പ്രദേശത്താണ് പരിശുദ്ധ ജസ്‌ന ഗോറ ദേവാലയം സ്ഥിതിചെയ്യുന്നത്. നിരവധി അദ്ഭുതങ്ങള്‍ സാധിച്ചിട്ടുണ്ടെന്നു കത്തോലിക്ക വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്ന ബ്ലാക്ക് മഡോണയുടെ ആസ്ഥാനമാണ് ദേവാലയം. പോളണ്ടിന്റെ വിശ്വാസപ്രഖ്യാപനത്തിന്റെ 1050 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ പോളണ്ടിലെത്തിയത്. തുടര്‍ന്ന് കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിലുള്ള ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനായി മാര്‍പാപ്പ തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെത്തി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: