കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

കോട്ടയം: ബാര്‍കേസുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ യോഗത്തില്‍ പിജെ ജോസഫടക്കം എല്ലാവരും ഈ തീരുമാനം അംഗീകരിച്ചു.കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ വിലപ്പോയില്ല.കെഎം മാണി ധ്യാനത്തിന് പോയതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇനി സാധ്യവുമല്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കോട്ടയത്തുചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം എം.എല്‍.എ.മാര്‍, എം.പി.മാര്‍ എന്നിവരുമായി ചെയര്‍മാന്‍ കെ.എം.മാണി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നു. എം.എല്‍.എ.മാരും എം.പി.മാരും ഒറ്റക്കെട്ടായി നേതൃത്വത്തിനൊപ്പമുണ്ട്.

കെഎം മാണിയോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച ചതിക്ക് ഈ രീതിയില്‍ പ്രതികരിക്കാമെന്നാണ് പാര്‍ട്ടി നിലപാട്. പിന്നീട് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വന്നാല്‍ സഹകരിക്കുന്നത് പരിഗണിക്കാമെന്നും അല്ലങ്കില്‍ മറ്റ് വഴി തേടാമെന്നുമാണ് നിലപാട്. ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഈ തീരുമാനം പ്രഖ്യാപിക്കും. തല്‍ക്കാലം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റം ഉണ്ടാക്കേണ്ടന്നും ധാരണയായിട്ടുണ്ട്.

111 സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ഓഫീസ് ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, അവയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ചരല്‍ക്കുന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിയതില്‍ നിലവിലുള്ള പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കെ.എം.മാണി ഉറച്ചുവിശ്വസിക്കുന്നത്.അധികം വൈകാതെ കേരള കോണ്‍ഗ്രസ് ബിജെപിയുമായി കൈകോര്‍ത്ത് എന്‍ഡിഎയില്‍ അംഗമാകുമെന്നും പാര്‍ട്ടി എംപിയായ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും ഏറെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരിക്കും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: