ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗം: ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു. അച്ഛന്‍ അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്നും പക്ഷെ വാര്‍ത്തയുടെ ന്യായാന്യായങ്ങളിലേക്ക് താന്‍ കടക്കുന്നില്ല, എന്നാല്‍ പ്രസ്താവന മൂലം ഇതര മതസ്ഥര്‍ക്ക് മുറിവേറ്റിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ എം എല്‍ എ എന്ന നിലയിലും അംഗമെന്ന നിലയിലും എല്ലാറ്റിനുമുപരി മകനെന്ന നിലയിലും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

എല്ലാ ജനങ്ങളോടും ഒരുപോലെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും അദ്ദേഹം അറിയിച്ചു. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണപിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് സംസാരിക്കുന്ന വിവാദ പ്രസംഗം പുറത്ത് വന്നത്. എന്നാല്‍ ഇത് തന്റെ വാക്കുകളെല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കോടതികള്‍ അധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും  ഒരു സമുദായത്തേയും ആക്ഷേപിക്കുകയോ ബാങ്കുവിളിക്കെതിരെ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പിള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘താന്‍ തിരുവനന്തപുരത്ത് പോയാല്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളു.’ എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.  പ്രസ്താവനയെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ് പി അജിത ബീഗം ഉത്തരവിട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

-sk-

 

Share this news

Leave a Reply

%d bloggers like this: