സൗദിയില്‍ നിന്ന് തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കും

റിയാദ്: റിയാദിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഫീസ് ഈടാക്കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയവും സൗജന്യമായി നാട്ടിലേക്ക് എത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. അതേസമയം സൗദിയില്‍ നിന്നുള്ള തൊഴിലാളികളുമായുള്ള ആദ്യസംഘത്തിന്റെ മടക്കം വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള സൗദി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് മടക്കം വൈകാന്‍ കാരണം.

എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സൗദി തൊഴില്‍മന്ത്രി അറിയിച്ചതായി കേന്ദ്രസഹമന്ത്രി വി കെ സിംഗ് പറഞ്ഞു. തൊഴിലാളികളെ ഹജ്ജ് വിമാനത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ തങ്ങള്‍ അവരെ സ്വന്തം ചിലവില്‍ നാട്ടിലെത്തിക്കാമെന്ന് സൗദി ഭരണകൂടം അറിയിച്ചിരുന്നു. ശമ്പള കുടിശ്ശികയുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സൗദി ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.

തൊഴില്‍ നഷ്ടമായെങ്കിലും സൗദിയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. സൗദിയില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്തുകയാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് മുന്നിലുള്ള മറ്റൊരു വഴി. ഇങ്ങനെയുള്ളവരുടെ ഇഖാമ പുതുക്കാനോ, സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഫീസ് ഈടാക്കില്ലെന്നു തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഉറപ്പു നല്‍കി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് തൊഴില്‍മന്ത്രാലയത്തിന് സൗദി രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

-sk-

Share this news

Leave a Reply

%d bloggers like this: