കെ പി സി സി പുനസംഘടന നടത്താന്‍ തീരുമാനം

ന്യൂദല്‍ഹി: കെ പി സി സി പുനസംഘടിപ്പിക്കാന്‍ എ ഐ സി സി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി  നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ വി എം സുധീരന്‍ പ്രസിഡന്റായി തുടരും. ചര്‍ച്ചയ്ക്കു ശേഷം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത്. ഏറെക്കാലത്തിനു ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസ് വലിയൊരു സംഘടനാ മാറ്റത്തിനൊരുങ്ങുന്നത്. അടിത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതെല്ലാം മേഖലകളിലാണ് പുനസംഘടന നടത്തുന്നതെന്നും അതിന്റെ തീയതിയും ഉടന്‍ പ്രഖ്യാപിക്കും.

മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ്സിന്റെ എല്ലാ തലത്തിലും പുനസംഘടന നടത്താനും തീരുമാനമാനിച്ചിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ പുനസംഘടന പ്രക്രിയ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ രൂപം കൊണ്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയ്ക്കാണ് പുനസംഘടന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: