യു ഡി എഫ് വിടുമെന്ന് സൂചിപ്പിച്ച് മാണി, ഇരുമുന്നണികളോടും സമദൂരം പാലിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോണ്‍ഗ്രസ് എം സമദൂരം പാലിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.  യു ഡി എഫുമായുള്ള ബന്ധം പുനപരിശോധിക്കേണ്ട സമയമായെന്നും മാണി പറഞ്ഞു. പത്തനംതിട്ടയിലെ ചരള്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് വിടുമെന്ന വ്യക്തമായ സൂചനയാണ് പ്രസംഗത്തില്‍ മാണി നല്‍കിയത്. പാര്‍ട്ടി നിര്‍ണ്ണായക ഘട്ടത്തിലാണെന്നും മുന്നണിയില്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് കൂടി പങ്കാളിയായി പടുത്തുയുര്‍ത്തിയ മുന്നണിയില്‍ നിന്ന് നിന്ദയും അവഗണനയും മാത്രമാണ് ലഭിച്ചതെന്നും പരസ്പര സ്‌നേഹവും വിശ്വാസവുമാണ് ഒരു മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നത്, അത് നഷ്ടപ്പെട്ടിരിക്കുകയാണെന്നും മാണി വ്യക്തമാക്കി. എന്താണ് പാര്‍ട്ടിയുടെ ഭാവിയെന്ന് നാളെ പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു. ഒറ്റയ്ക്ക് നിന്ന് പൊരുതാന്‍ കെല്‍പും തറവാടിത്തവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ് എന്നും കേരള രാഷ്ട്രീയത്തില്‍ 50 വര്‍ഷമായി നിലനില്‍ക്കുന്ന പാര്‍ട്ടിയെ വിരട്ടാന്‍ ആരും നോക്കണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. കേരള കോണ്‍ഗ്രസിന് ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും പകയില്ല. എന്നാല്‍ പാര്‍ട്ടിക്ക് അടിമത്വ മനോഭാവമോ അപകര്‍ഷതാ ബോധമോ ഇല്ല. സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്നത്. വിഷയാധിഷ്ഠിത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഓരോ കാര്യങ്ങളുടെയും ശരിയും തെറ്റും വിലയിരുത്തും. ശരിക്കൊപ്പം നില്‍ക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശരി ചെയ്താല്‍ അവരെ അനുകൂലിക്കും. തെറ്റു ചെയ്താല്‍ പിണറായിയെ വിമര്‍ശിക്കും. ഇരു മുന്നണികളോടും സമദൂരമാണ്’ മാണി വ്യക്തമാക്കി. തങ്ങളെ ആരും ഉപദേശിക്കാന്‍ വരേണ്ടെന്നും മാണി പറഞ്ഞു.

പദവി വേണമെന്ന അപേക്ഷയുമായി ആരുടെയും പിറകേ പോകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും തങ്ങളെ വേണ്ടവര്‍ ഇങ്ങോട്ട് വരികയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിന്റെ വോട്ട് നേടി ജയിച്ചു വന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആദ്യം രാജിവെക്കട്ടെയെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെക്കണമെന്ന എം എം ജേക്കബിന്റെ പ്രസ്താവനയ്ക്കുള്ള മാണിയുടെ മറുപടി. മനുഷ്യനെ മനസിലാക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും മാണി പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: