അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരാകും

തിരുവനന്തപുരം: ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകും. ജീവിത ശൈലിയെന്ന വിഷയത്തിലാവും മുഖ്യമന്ത്രി കുട്ടികള്‍ക്ക് ക്ലാസെടുക്കുക. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ ക്ലാസെടുത്തുകൊണ്ട് മുഖ്യമന്ത്രി അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യും.

മാത്രമല്ല ധനവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് എന്നിവരും ഇതേ സ്‌കൂളില്‍ ക്ലാസ്സെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, അലസത, ജീവിതശൈലീ രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിവക്കെതിരെയുള്ള ബോധവല്‍കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

എല്ലാ മന്ത്രിമാരും എം എല്‍ എമാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസ്സെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും സ്‌കൂള്‍തല ഉദ്ഘാടനങ്ങള്‍ നടത്തുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തേക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്‌പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

-sk-

Share this news

Leave a Reply

%d bloggers like this: