ബ്രക്സിറ്റിന്റെ ഭാവി മാറ്റി മറിച്ച് ട്രംപിന്റെ വിജയം ; തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമവുമായി യൂറോപ്യന്‍ നേതാക്കള്‍

യൂറോപ്യന്‍ യൂണിയനെ തള്ളിപ്പറഞ്ഞ് പുറത്ത് വന്ന ബ്രിട്ടന് അനുകൂലമായ നിലപാടുകളായിരിക്കും ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്നാണ് സൂചന. ഇതേ തുടര്‍ന്ന് യുഎസ് മായുള്ള വ്യാപാര കരാറുകളില്‍ ബ്രിട്ടന് മുന്‍നിരയിലാണ് സ്ഥാനം ലഭിക്കാന്‍ പോകുന്നതെന്നാണ് കോണ്‍സര്‍വേറ്റിവ് എംപിയായ ജേക്കബ് റീസ്-മോഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്ക യൂറോപ്പിനെ ഉപേക്ഷിച്ച് ബ്രിട്ടനില്‍ കച്ചവടത്തിന് എത്തുമെന്ന് ഉറപ്പാണ്.

കച്ചവടക്കരാറുകളില്‍ തകര്‍ച്ച നേരിടുമെന്ന് ഉറപ്പായതോടെ സമവായ ശ്രമവുമായി യൂറോപ്യന്‍ നേതാക്കള്‍ ട്രംപിനെ സമീപിക്കുമെന്നാണ് അറിയുന്നത്. ജര്‍മ്മനിക്കും, ഫ്രാന്‍സിനുമാണ് ഇതില്‍ ഏറ്റവും പേടിയുള്ളത്. തങ്ങളുടെ വ്യാപാര കരാറുകള്‍ നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. ഒബാമയുടെ യുകെ യോടുണ്ടായിരുന്ന സമീപനത്തെക്കാള്‍ പ്രതീക്ഷയോടെയാണ് ട്രംപിന്റെ നിലപാടുകളെ ബ്രിട്ടീഷുകാര്‍ കാണുന്നത്. അമേരിക്കയുമായുള്ള പ്രത്യേക ബന്ധം തുടരാന്‍ ബ്രിട്ടന് ആഗ്രഹിക്കുന്നുവെന്നാണ് തെരേസാ മെയ് പറഞ്ഞത്. കടുത്ത രീതിയില്‍ പോരാടി അമേരിക്കന്‍ പ്രസിഡന്റായ ട്രംപിനെ തെരേസാ അഭിനന്ദിക്കുകയും ചെയ്തു. സ്വാതന്ത്ര്യം, ജനാധിപത്യം, വ്യാപാരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ബന്ധമാണ് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ളതെന്നും അവര്‍ പറയുന്നു.

അയര്‍ലണ്ടിനെ സംബന്ധിച്ച് ട്രംപിന്റെ വിജയം സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. മുന്‍പ് അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ യഥേഷ്ടം ഐറിഷ് മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. അയര്‍ലണ്ടിലെ സാമ്പത്തീക പോളിസി അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായിരുന്നു എന്നുവേണം പറയാന്‍. കുറഞ്ഞ നികുതി നിരക്ക്, വ്യാവസായിക സൗഹൃദ ചുറ്റുപാടുകള്‍, ജീവനക്കാരുടെ ലഭ്യത തുടങ്ങിയ ഇത്തരം കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിച്ചു. അതേസമയം തൊഴില്‍ മേഖലകളെ അമേരിക്കയിലേക്ക് മടക്കി വരുത്താനാണ് ട്രംപിന്റെ തീരുമാനം. ഇതിനായി നികുതി വെട്ടിക്കുറച്ചു. 35 ശതമാനമായിരുന്ന യുഎസ് കോര്‍പ്പറേഷന്‍ ടാക്‌സ് 15 ശതമാനമായി വെട്ടിക്കുറച്ചു. അയര്‍ലണ്ടില്‍ ഇത് 12.5 ശതമാനമാണ്.

ഇമിഗ്രെഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനും ട്രംപ് പദ്ധതിയിടുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഒഴുക്ക് കുറയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന ഐറിഷുകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും. കൂടാതെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായിരുന്ന J 1 വിസാ പ്രോഗ്രാമും അവസാനിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: