മല്ല്യ അടക്കമുള്ള വമ്പന്മാരുടെ കടങ്ങള്‍ എസ്ബിഐ എഴുതി തള്ളാന്‍ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എഴുതി തള്ളുന്നു. കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്. ഇതില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളും ഉള്‍പെടുന്നു.

63 പേരുടെ വായ്പാ കുടിശ്ശിക പൂര്‍ണമായും 31 പേരുടേത് ഭാഗികമായുമാണ് എഴുതി തള്ളാന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ആറു പേരുടെ വായ്പാ കുടിശ്ശിക കിട്ടാകടമായി കണക്കാക്കും. 2016 ജൂണ്‍ 30വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ കിട്ടാകടമായി എഴുതി തള്ളിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 7000 കോടി രൂപ കൂടി എഴുതി തള്ളാനുള്ള തീരുമാനം.

വായ്പാ കുടിശ്ശിക അടയ്ക്കാതെ രാജ്യം വിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ 1201 കോടി രൂപയാണ് ഇത്തരത്തില്‍ എഴുതിത്തള്ളുന്നത്. ഇതിനുപുറമെ കെ എസ് ഓയില്‍(596 കോടി രൂപ), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്(526 കോടി), ജിഇടി പവര്‍(400 കോടി) സായി ഇന്‍ഫോ സിസ്റ്റം(376 കോടി) എന്നിവരുടെ കുടിശ്ശികയാണ് പ്രധാനമായും എഴുതിതള്ളുന്നത്.

രാജ്യത്തെ 17 ബാങ്കുകളിലായി 6,963 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ വില്ല ലേലത്തില്‍വെച്ച് പണം കണ്ടെത്താനുള്ള എസ്ബിഐ തീരുമാനം വാങ്ങാന്‍ ആരും എത്താതിരുന്നതോടെ ഫലപ്രദമായിരുന്നില്ല.
എ എം

Share this news

Leave a Reply

%d bloggers like this: