നോട്ട് പിന്‍വലിക്കല്‍ – ഏഴ് ദിവസത്തിനിടെ ഉണ്ടായത് 25 മരണം

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി കറന്‍സി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ആറുദിവസംകൊണ്ട് 25 മരണം. വീട്ടമ്മമാരടക്കം ആത്മഹത്യ ചെയ്തു. നവജാതശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ പണത്തിനായി ക്യൂനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചു. നോട്ട് മാറാനാകാതെ തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങളുടെ എണ്ണം ഇതിനേക്കാള്‍ ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു. സമ്പദ്ഘടന സാധാരണനില കൈവരിക്കാന്‍ നാല് മാസത്തോളമെടുക്കുമെന്നുകൂടി വിലയിരുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതം ഏറെ വലുതായിരിക്കും.

നവജാത ശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരിച്ച നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ യുപിയിലെ ബുലാന്റ്‌ഷെഹറില്‍ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള കൈലാഷ് ആശുപത്രിയിലാണ് ഒരു നവജാത ശിശു മരണമടഞ്ഞത്. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. മുംബെയിലെ ഗോവന്തിയിലും ആശുപത്രി അധികൃതര്‍ പഴയ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ചതുമൂലം നവജാതശിശു മരിച്ചു. ജഗദീഷ് ശര്‍മ്മ- കിരണ്‍ ശര്‍മ്മ ദമ്പതികളുടെ കുഞ്ഞാണ് ചികിത്സ നിഷേധിക്കപ്പെട്ടതുമൂലം മരിച്ചത്.

നോട്ട് പിന്‍വലിക്കലില്‍ രാജസ്ഥാനിലെ പാലി ജില്ലയിലെ ചമ്പാലാല്‍ മേവാളിന്റെ നവജാത ശിശുവിന് ജീവന്‍ നഷ്ടമായി. അഞ്ഞൂറിന്റെ നോട്ടു സ്വീകരിക്കാന്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ വിസമ്മതിച്ചതുമൂലം ചികിത്സ ലഭിക്കാന്‍ വൈകുകയായിരുന്നു. നൂറുരൂപ നോട്ടുകള്‍ മേവാള്‍ സംഘടിപ്പിച്ചപ്പോഴേക്കും കുഞ്ഞ് മരണമടഞ്ഞിരുന്നു. യുപിയില്‍ മയിന്‍പുരിയില്‍ ഒരു വയസുകാരന്‍ കുഷ് ചികിത്സ ലഭിക്കാതെ മരിച്ചു. വിശാഖപട്ടണത്തെ ഗജുവാകയില്‍ അദാരി ഗണേഷിന്റെ ഒന്നരവയസ് പ്രായമായ മകള്‍ കൊമാലിയും ചികിത്സ ലഭിക്കാതെ മരിച്ചു.

പശ്ചിമബംഗാളിലെ ഹൗറയിലാണ് നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്ന് കൊലപാതകം നടന്നത്. എടിഎമ്മില്‍ നിന്നും പണം ലഭിക്കാതെ മടങ്ങിയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടകയിലെ ചിക്മംഗലൂരില്‍ 40 കാരിയായ വീട്ടമ്മ ആത്മഹത്യചെയ്തതായിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവം. ഡല്‍ഹിയില്‍ നോട്ട് മാറിക്കിട്ടാത്തതിനെത്തുടര്‍ന്ന് 24 കാരിയായ വീട്ടമ്മ ജീവനൊടുക്കി. മോഡിയുടെ സ്വന്തംനാടായ ഗുജറാത്തില്‍ റേഷന്‍ വാങ്ങാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് 50 കാരിയായ ഗൃഹനാഥ ജീവനൊടുക്കി. സുരേന്ദ്രനഗറില്‍ 69 കാരന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചു.

യുപിയിലെ ഷാംലിയില്‍ 20 കാരിയായ വീട്ടമ്മ ബാങ്കില്‍ നിന്നും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢിലെ റായ്ഗഡില്‍ മൂന്ന് ദിവസം ക്യൂവില്‍ നിന്നിട്ടും പണം മാറിക്കിട്ടാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. തെലങ്കാനയിലെ മഹുബാബാദില്‍ 55 കാരിയായ വീട്ടമ്മയായ വിനോദ ആത്മഹത്യ ചെയ്തു.

ആലപ്പുഴയില്‍ ഹരിപ്പാട് സ്വദേശിയായ കാര്‍ത്തികേയന്‍ ഡാണാപ്പടി എസ്ബിടി ശാഖയ്ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. പെരളശ്ശേരിയിലെ കെ കെ ഉണ്ണി തലശേരി എസ്ബിടി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. മംഗളൂരുവില്‍ ഉഡുപ്പി ജില്ലയില്‍ 96കാരനായ ഗോപാല്‍ ഷെട്ടി ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. മുംബൈയില്‍ 72 കാരനായ വിശ്വാസ് വര്‍തകും സമാനമായ രീതിയില്‍ മരണമടഞ്ഞു.

ഗുജറാത്തിലെ താരാപൂരില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കര്‍ഷകന്‍ ഹൃദയാഘാതം വന്ന് മരിച്ചു. യുപിയിലെ കൃഷ്ണനഗറില്‍ പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീട്ടമ്മ ഹൃദയാഘാതത്തില്‍ മരിച്ചു. കാണ്‍പൂരില്‍ സമാനമായ രീതിയില്‍ വീട്ടമ്മയും യുവാവും മരിച്ചു. ഭോപ്പാലിലെ നീല്‍ബാദ് എസ്ബിടി ബ്രാഞ്ചിലെ കാഷ്യര്‍ അധികസമയം ജോലിചെയ്യുമ്പോള്‍ മരിച്ചു. യുപിയിലെ ഫൈസാബാദില്‍ ബിസിനസുകാരന്‍ നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: