പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രിയാകും; വ്യവസായ വകുപ്പ് എ സി മൊയ്തീന്

തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി. എം.എം.മണി വൈദ്യുതി മന്ത്രിയാകും. എ.സി.മൊയ്തീന്‍ വ്യവസായ വകുപ്പ് മന്ത്രിയാകും. കായിക വകുപ്പും എ.സി.മൊയ്തീന് നല്‍കും. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ടൂറിസം, സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രന്. ഇ.പി.ജയരാജന്റെ രാജിയെ തുടര്‍ന്നാണ് അഴിച്ചുപണി. ഭരണത്തിലേറി ആറാം മാസത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എ.മണി പറഞ്ഞു. സംസ്ഥാന താല്‍പ്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു.
വിവാദങ്ങളുടെ തോഴന്‍; സാധാരണക്കാരുടെ നേതാവ്

തൊഴിലാളികളും സാധാരണക്കാരും ഏറെയുള്ള ഇടുക്കി ജില്ലയില്‍ നിന്നുമാണ് മണിയാശാന്‍ എന്നറിയപ്പെടുന്ന എം.എം മണി മന്ത്രിസഭയിലേക്ക് എത്തുന്നത്.പാര്‍ട്ടിയുടെ ശത്രുക്കളോട് കര്‍ക്കശ സ്വരത്തില്‍ പ്രതികരിക്കുന്ന തനി നാട്ടിന്‍പുറത്തുകാരന്റെ പ്രതിച്ഛായ മണിക്കുണ്ട് എന്നത് വാസ്തവം തന്നെ. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വളര്‍ന്നു വന്ന സാധാരണക്കാരന്‍ തന്നെയാണ് മണിയാശാന്‍. അതുകൊണ്ടു തന്നെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമാടി ഇടപെടുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് മണി എന്ന് ഇടുക്കിക്കാര്‍ പറയുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് മുണ്ടയ്ക്കല്‍ മാധവന്‍ മണി എന്ന എം.എം മണി. കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ ഒന്നാമനായി ജനിച്ചു. കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു, പിന്നീട് അവര്‍ക്കിടയില്‍ നിന്ന് കര്‍ഷക തൊഴിലാളി നേതാവായി.

1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍ വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാന്‍ അവസരം ലഭിച്ചു.

എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് മണി നടത്തിയ വണ്‍, ടൂ, ത്രീ മോഡല്‍ പ്രസംഗം പാര്‍ട്ടിക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. ടി.പിയുടെ കൊലപാതകത്തിനുശേഷം മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ പ്രാദേശികസമ്മേളനത്തില്‍ വച്ച് ‘സി.പി.ഐ.എം എതിരാളികളെ കൊന്നിട്ടുണ്ട്’ എന്ന ഇദ്ദേഹത്തിന്റെ പ്രസംഗം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.സംഭവത്തില്‍ മണിക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് വിവാദ പ്രസംഗത്തില്‍ മണി മാപ്പ് പറയുകയും ചെയ്തു.

എത്ര വിവാദങ്ങളുണ്ടെങ്കിലും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വളര്‍ന്നു വന്ന് സാധാരണക്കാരോടൊപ്പം ജീവിച്ച് അവരുടെ ദൈംനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന നേതാവ് എന്ന പ്രതിഛായ മണിക്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. മന്ത്രിയാകുന്ന എം.എം മണിയില്‍ നിന്ന് തുടര്‍ന്നും ഇടുക്കിക്കാര്‍ പ്രതീക്ഷിക്കുന്നത് ആ സാധാരണക്കാരുടെ നേതാവിനെ തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: