കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 97 ആയി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 97 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. പാറ്റ്‌നഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നോടെ കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടം.നാല് എ.സി.ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും


ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ട ബോഗികളിലുണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണസേന സ്ഥലത്തെത്തി. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കാണ്‍പൂര്‍ എസ്.പിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും കൂടുതല്‍ വൈദ്യസംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് തിരിച്ചതായി റെയില്‍വേ വക്താവ് എ. സക്‌സേന അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തി. റെയില്‍വേ മന്ത്രിയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

https://www.youtube.com/watch?v=PtnUIStGMks

Share this news

Leave a Reply

%d bloggers like this: