മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലല്ല, മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ പറഞ്ഞു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അതീവ വ്യക്തിപരമാണെന്നും അത് മറ്റൊരാളുടെ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജി രോഹിന്‍ടന്‍ നരിമാന്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു താക്കൂര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളത് മതവിശ്വാസങ്ങളുടെ പേരിലാണ്. മനുഷ്യര്‍ പരസ്പരം കൊന്നത് ഒരാളുടെ വഴി മറ്റൊരാളുടേതിനെക്കാള്‍ മികച്ചതാണെന്ന് തോന്നിയതു കൊണ്ടാവാം. അതായത് അവന്‍ അവിശ്വാസിയോ നാസ്തികനോ ആയതു കൊണ്ടുമാവാം. എന്റെ മതമേതാണ്? ഞാന്‍ ദൈവവുമായി എങ്ങനെ ബന്ധപ്പെടുന്നു? ഞാനും ദൈവവും തമ്മിലുള്ള ബന്ധം ഏത് തരത്തിലുള്ളതാണ് തുടങ്ങിയ ചോദ്യങ്ങളൊക്കെ തികച്ചും വ്യക്തിപരമാണ്. അതില്‍ മറ്റൊരാള്‍ കൈ കടത്തേണ്ടതില്ല. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത് താക്കൂര്‍ പറഞ്ഞു.

സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടേയും സന്ദേശം എല്ലാവരും അംഗീകരിക്കുകയും എല്ലാ വഴികളും ഒരിടത്താണ് എത്തിച്ചേരുന്നതെന്നും മനസിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. ഒരു വഴി, ഒരു ദൈവം എന്ന ചിന്ത ലോകത്ത് സമാധാനവും സമൃദ്ധിയും കൊണ്ടുവരും. ഇക്കാര്യത്തില്‍ നരിമാന്‍ മഹത്തായ സേവനമാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: