നിറപറയുടെ പുട്ടുപൊടിയില്‍ പുഴുക്കള്‍; ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കി

കോട്ടയം: നിറപറ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടതായി പരാതി. എംജി സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ത്ഥി ദീപാ മോഹനന്‍ അതിരമ്പുഴയിലെ കടയില്‍ നിന്ന് വാങ്ങിയ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്. ഇന്നലെയാണ് ദീപ പുട്ടുപൊടി വാങ്ങിയത്. രാവിലെ പൊട്ടിച്ചപ്പോള്‍ പത്തോളം ജീവനുള്ള പുഴുക്കളുണ്ടായിരുന്നു. 38 രൂപ വിലയുള്ള അര കിലോഗ്രാം പാക്കറ്റിന്റെ മാനുഫാക്ടറിംഗ് ഡേറ്റ് ആഗസ്റ്റ് 27 ആണ്. അടുത്ത വര്‍ഷം 26 വരെ പൊടി ഉപയോഗിക്കാമെന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയരിക്കുന്നത്.

സംഭവത്തില്‍ ദീപ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഇന്‍സെപ്ക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേടായ പാക്കറ്റ് നാളെ ഓഫീസിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഫുഡ്‌സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ അലക്‌സ് കെ ഐസക് പറഞ്ഞു. താനിപ്പോള്‍ ശബരിമല ഡ്യൂട്ടിയിലാണ്. ഒരാഴ്ചയ്ക്ക് ശേഷം മാത്രമെ പാക്കറ്റ് പരിശോധിക്കാന്‍ നിര്‍വാഹമുള്ളു. അതുവരെ പൊടി ഓഫീസില്‍ സൂക്ഷിക്കും. ഓഫീസിലെത്തി പരാതി പരിശോധിച്ച ശേഷം തിരുവനന്തപുരത്തെ ഗവണ്‍മെന്റ് അനാലിസിസ് ലാബില്‍ പരിശോധനയ്ക്ക് അയക്കും. അവിടെയും ഒരാഴ്ച സമയം പിടിക്കും. പരിശോധനയില്‍ കേടുവന്ന പൊടിയാണെന്ന് തെളിഞ്ഞാല്‍ ഇതേ സീരിയല്‍ നമ്പരുള്ള പാക്കറ്റുകള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കും. നിറപറയ്‌ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ കോടതിയിലുണ്ടെന്നും അലക്‌സ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ മായം കലര്‍ന്ന ഉത്പന്നങ്ങള്‍ വിറ്റുവെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിറപറ ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ നിറപറ ഉടമകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിക്കുകയും, നിരോധനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. പിഴ ഈടാക്കിയിട്ടും മായം ചേര്‍ത്ത ഉല്പന്നങ്ങള്‍ തുടര്‍ച്ചയായി വില്‍ക്കുന്നു എന്നു കണ്ടതിനെത്തുടര്‍ന്നാണ് നിറപറയുടെ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ തീരുമാനിച്ചത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: