ഹില്ലരി ക്ലിന്റണ് എതിരേ ഇ-മെയില്‍ വിവാദത്തില്‍ തുടരന്വേഷണം വേണ്ടെന്നു ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഹില്ലരി ക്ലിന്റണ് എതിരേ ഇ-മെയില്‍ വിവാദത്തില്‍ തുടരന്വേഷണം വേണ്ടെന്നു നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. താന്‍ പ്രസിഡന്റായാല്‍ ഹില്ലരിയെ ജയിലില്‍ അടയ്ക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഭീഷണി മുഴക്കിയ ട്രംപിന്റെ നിലപാടു മാറ്റം അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം മാനേജരായ കെല്ലി ആന്‍ കോണ്‍വേ സ്ഥിരീകരിച്ചു.

സ്വകാര്യ ഇ-മെയില്‍ സര്‍വറിലൂടെ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയെന്നാണു മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരിയുടെ പേരിലുള്ള ആരോപണം. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച എഫ്ബിഐ ഹില്ലരിക്കു ക്ലീന്‍ചിറ്റു നല്‍കിയിരുന്നു. എന്നാല്‍ ഹില്ലരിയുടെ ഭാഗത്തു ശ്രദ്ധക്കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ വീണ്ടും ഇ-മെയില്‍ വിവാദം പൊന്തിവന്നു. പുനരന്വേഷണം നടത്തുന്ന കാര്യം കോണ്‍ഗ്രസ് അംഗങ്ങളെ കത്തുമുഖേന എഫ്ബിഐ ഡയറക്ടര്‍ കോമി അറിയിക്കുകയും ചെയ്തു. എഫ്ബിഐയുടെ ഇടപെടല്‍ തന്റെ തെരഞ്ഞെടുപ്പു പരാജയത്തിനിടയാക്കിയെന്നു ഹില്ലരി സൂചിപ്പിക്കുകയുണ്ടായി.

ഇ-മെയില്‍ കാര്യത്തില്‍ ഹില്ലരിയുടെ നിലപാട് വിശ്വാസയോഗ്യമല്ലെന്ന് അമേരിക്കന്‍ ജനത കരുതുന്നുവെന്ന യാഥാര്‍ഥ്യം അവര്‍ അഭിമുഖീകരിച്ചേ മതിയാവൂയെന്നു കോണ്‍വേ പറഞ്ഞു. എന്നാല്‍ മുറിവുണക്കാന്‍ ട്രംപ് സഹായിക്കുന്നത് നല്ല കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പ്രസിഡന്റെന്ന നിലയില്‍ ആദ്യത്തെ നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ തിങ്കളാഴ്ച ട്രംപ് പുറത്തുവിട്ടു. 12 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ് പസിഫിക് പാര്‍ട്ട്‌നര്‍ഷിപ്പ്(ടിപിപി) വാണിജ്യകരാറില്‍നിന്നു പിന്‍വാങ്ങുന്നതു സംബന്ധിച്ച് ആദ്യദിവസം തന്നെ എക്‌സിക്യൂട്ടീവ് ഉത്തരവു പുറപ്പെടുവിക്കും.

യുഎസിനു പുറമേ ജപ്പാന്‍,മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയരാജ്യങ്ങളും ടിടിപിയില്‍ അംഗങ്ങളാണ്. ടിടിപിയില്‍ തുടരുമെന്നു കഴിഞ്ഞദിവസവും പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ടിടിപി അമേരിക്കയെ സംബന്ധിച്ചിടത്തോളം വന്‍ദുരന്തമാണെന്നാണു ട്രംപിന്റെ നിലപാട്. ടിടിപിക്കു പകരം ഉഭയകക്ഷി വാണിജ്യകരാറുകളുണ്ടാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പരിഷ്‌കാരം നടപ്പാക്കും.

പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിലവിലുള്ള രണ്ടു ചട്ടങ്ങള്‍ റദ്ദാക്കണമെന്നു വ്യവസ്ഥ വയ്ക്കും.സൈബര്‍ സുരക്ഷ ഉറപ്പാക്കുക, ഇമിഗ്രേഷന്‍ നിയമത്തിന്റെ ദുരുപയോഗം തടയുക എന്നിവയാണു നൂറുദിന കര്‍മപദ്ധതിയിലെ മറ്റു പ്രധാന ഇനങ്ങള്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: