സിറിയന്‍ അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് വിടാന്‍ ഒരുങ്ങി തുര്‍ക്കി; യൂറോപ്യന്‍ യൂണിയന്‍ ആശങ്കയില്‍

തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയന്‍ വോട്ട് ചെയ്തതിനുള്ള പ്രതികാരം വീട്ടാന്‍ തുര്‍ക്കി തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ബോട്ടുകളില്‍ കയറ്റി ഗ്രീസിലേക്ക് അയക്കാനാണ് തുര്‍ക്കി ഒരുങ്ങുന്നത്. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം തേടുകയാണ് യൂറോപ്പ് ഇപ്പോള്‍. ഇത്തരത്തില്‍ പ്രതിദിനം 3000 അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടാനാണ് തുര്‍ക്കി ഒരുങ്ങുന്നത്.

ഇത്തരത്തില്‍ ഗ്രീസിലേക്കെത്താന്‍ ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ തയ്യാറായിരിക്കുന്നുവെന്നും ഗ്രീക്ക് ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. ഇതനുസരിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ ഗ്രീസിന്റെ തീരങ്ങളിലിറങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പ്രതികാര പദ്ധതിയെ തുര്‍ക്കി പ്രസിഡന്റ് റീകെപ് തയിപ് എര്‍ഡോജന്‍ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള തുര്‍ക്കിയുടെ പ്രവേശനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കുന്നതിന് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തതിന് തുര്‍ക്കി പ്രസിഡന്റ് ഇതിലൂടെ തിരിച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ തങ്ങള്‍ അതിര്‍ത്തി തുറന്ന് അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് വിടുമെന്ന സൂചനയാണ് ശനിയാഴ്ച ഇസ്താംബുളില്‍ നടത്തിയ പ്രസംഗത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അഭയാര്‍ത്ഥി പ്രവാഹം തന്നെയോ തന്റെ ജനതയെയോ ബാധിക്കില്ലെന്നും മറിച്ച് യൂറോപ്പിനെയാണത് ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് മുന്‍പുണ്ടാക്കിയ ധാരണകള്‍ പ്രകാരം തങ്ങള്‍ മില്യണ്‍ കണക്കിന് അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് വിടാതെ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണെന്നും എന്നാല്‍ അതിന് പകരമായി തുര്‍ക്കിക്ക് സഹായം നല്‍കാമെന്ന വാഗ്ദാനം യൂണിയനാണ് ലംഘിച്ചിരിക്കുന്നതെന്നും എര്‍ഡോജന്‍ ആരോപിച്ചു.

മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ഇത് സംബന്ധിച്ച കരാറിലേക്ക് പ്രവേശിച്ചിരുന്നു. ഇതനുസരിച്ച് ഗ്രീസിലേക്ക് പോകുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ ഇവിടെ തടഞ്ഞ് വയ്ക്കാമെന്ന് തുര്‍ക്കി യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പകരമായി തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാമെന്നും തുര്‍ക്കിക്ക് കനത്ത സാമ്പത്തീക സഹായം നല്‍കാമെന്നും ബ്രസല്‍സ് സമ്മതിച്ചിരുന്നു. ഇതാണിപ്പോള്‍ യൂണിയന്‍ ലംഘിച്ചിരിക്കുന്നതെന്നാണ് തുര്‍ക്കി ആരോപിക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: